പാലാ: ഭർത്താവിന്റെ ദോഷം മാറാൻ പരിഹാര ക്രിയകൾ ചെയ്യണമെന്നു വീട്ടമ്മയെ വിശ്വസിപ്പിച്ച് ഏഴു പവനും 3000 രൂപയും മോഷ്‌ടിച്ച സംഭവത്തിലെ പ്രതി ഒരു വർഷത്തിനു ശേഷം പിടിയിൽ. ശൂരനാട് കുണ്ടമംഭാഗത്ത് അരുകണ്ടം വിള വീട്ടിൽ താമസിക്കുന്ന ചേർത്തല മായിത്തറ സന്ധ്യാ ഭവനത്തിൽ രാധാമണി രാജേന്ദ്രനെയാണ് (65) പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ വള്ളിച്ചിറ ചാലടിയിൽ പ്രിയ മഹേഷിനെയാണ് കബളിപ്പിച്ചത്. കൈനോക്കി ഫലം പറയുമെന്നു വിശ്വസിപ്പിച്ചാണ് പ്രതികൾ വീടുമായി അടുത്തത്. പ്രിയയുടെ ഭർത്താവിന് ദോഷമുണ്ടെന്നും പരിഹാര ക്രിയകൾ നടത്തണമെന്നും നിർദേശിച്ചു. രണ്ടാം ദിവസം വീട്ടിലെത്തിയ പ്രതികൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ ഇവർ അടുക്കളയിലേയ്ക്കു പോയ തക്കത്തിന് അലമാരയിൽ നിന്ന് ഏഴു പവൻ സ്വർണവും 3000 രൂപയും കവരുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ സി.സി.ടിവി കാമറാ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞു. എന്നാൽ, ഇതിനകം ഇവർ വീട് ഉപേക്ഷിച്ചു പോയിരുന്നു. അടുത്തിടെയാണ് രാധാമണി കൊട്ടാരക്കര ഭാഗത്തുള്ളതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചത്. തുടർന്നു ഡിവൈ.എസ്.പി ബൈജുകുമാർ, എസ്.ഐമാരായ സിദ്ദിഖ് അബ് ദുൾഖാദർ, കെ.എച്ച് ഹാഷിം, ഷാജി കുര്യാക്കോസ്, തോമസ് സേവ്യർ, എ.എസ്.ഐ എം.ജി ബിജു, വനിതാ സിവിൽ പൊലീസ് ഓഫിസർ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിലെ മകളുടെ വീട്ടിൽ നിന്നും പ്രതിയെ പിടികൂടി. കിടങ്ങൂരിലെ ജുവലറിയിൽ ഇവർ വിറ്റ സ്വർണവും പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞതായും ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.