പ്രിമിയർ ലീഗിലെ മടങ്ങിവരവിൽ ആഴ്സനലിനെ 3-0 ത്തിന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ : കൊവിഡിന് ശേഷമുള്ള തിരിച്ചുവരവിൽ കരുത്തരായ ആഴ്സനലിനെതിരെ മിന്നും വിജയവുമായി മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞരാത്രി സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആഴ്സനലിനെ കീഴടക്കിയത്.
ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ റഹിം സ്റ്റെർലിംഗ് നേടിയ ഗോളിന് മുന്നിൽനിന്ന സിറ്റിക്ക് 51-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ കെവിൻ ഡി ബ്രുയാനാണ് രണ്ടാം ഗോൾ നേടിക്കൊടുത്തത്. കളി തീരുന്നതിന് തൊട്ടുമുമ്പ് ഫോഡൻ പട്ടിക പൂർത്തിയാക്കി.
29 മത്സരങ്ങളിൽ നിന്ന് 60 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. ആഴ്സനലിനെതിരെ സിറ്റി ജയിച്ചതോടെ ഞായറാഴ്ച തങ്ങളുടെ മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ എവർട്ടണെ തോൽപ്പിച്ച് പ്രിമിയർ ലീഗ് കിരീടം നേടാമെന്ന ലിവർപൂളിന്റെ സ്വപ്നം സഫലമാകാൻ ഇനിയും താമസിക്കുമെന്ന് ഉറപ്പായി. 29 മത്സരങ്ങളിൽ നിന്ന് 82 പോയിന്റാണ് ലിവർപൂളിനുള്ളത്. 1990 ന് ശേഷമുള്ള ആദ്യ പ്രിമിയർലീഗ് കിരീടമാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്.
ഗോളുകൾ ഇങ്ങനെ
1-0
45 + 2 മിനിട്ട്
റഹിം സ്റ്റെർലിംഗ്
ഡി ബ്രുയാന്റെ ലൂസ് പാസ് തടയുന്നതിൽ ആഴ്സനൽ പ്രതിരോധ ഭടൻ ഡേവിഡ് ലൂയിസിന് പറ്റിയ പിഴവാണ് സ്റ്റെർലിംഗിന് ഗോളടിക്കാൻ വഴിതുറന്നത്. 2020 ലെ സ്റ്റെർലിംഗിന്റെ ആദ്യഗോളായിരുന്നു ഇത്.
2-0
51-ാം മിനിട്ട്
ഡിബ്രുയാൻ
ബോക്സിനുളളിൽ റിയാദ് മഹ്റേസിനെ ഫൗൾ ചെയ്തിട്ട ഡേവിഡ് ലൂയിസ് ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് പോവുകയും സിറ്റിക്ക് പെനാൽറ്റി ലഭിക്കുകയും ചെയ്തു. കിക്കെടുത്ത ഡിബ്രുയാന് പിഴച്ചില്ല.
3-0
90 + 1 മിനിട്ട്
ഒരു കോർണർ കിക്ക്പോസ്റ്റിൽ തട്ടിത്തെറിച്ചുവന്നത് പിടിച്ചെടുത്താണ് ഫോഡൻ സിറ്റിയുടെ അവസാന ഗോൾ നേടിയത്.