തിരുവനന്തപുരം:ഇടുക്കി മൂലമറ്റത്തെ നിലവിലുളള 780 മെഗാവാട്ട് പവർഹൗസിന് പുറമെ, ഇരുപതിനായിരം കോടി രൂപ മുടക്കി ആറ് ജനറേറ്ററുകളുള്ള മറ്റൊരു ഭൂഗർഭ പവർഹൗസ് നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസിനെ (വാട്ടർ ആന്റ് പവർ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്) നിയാേഗിച്ചു. ആഗോള ടെണ്ടറിൽ നാല് കമ്പനികൾ പങ്കെടുത്തിരുന്നു.
രണ്ടുവർഷത്തിനുള്ളിൽ സാങ്കേതിക, സാമ്പത്തിക മാർഗരേഖ വാപ്‌കോസ് തയ്യാറാക്കി നൽകും. ഇതിനുശേഷം കേന്ദ്രസർക്കാരിന്റെ അനുമതി തേടും. മല തുരന്ന് നിർമ്മിക്കുന്ന നിലയത്തിലേക്ക് 700 മീറ്ററോളം ടണലിലൂടെ വെള്ളമെത്തിച്ചാണ് പവർഹൗസ് പ്രവർത്തിപ്പിക്കുക.
20,000 കോടിരൂപയാണ് നിർമ്മാണ ചെലവ്
കെ.എസ്.ഇ.ബിയുടെ പ്രതിദിന ശരാശരി ഉപയോഗം 72.74 ദശലക്ഷം യൂണിറ്റാണ്. ശരാശരി ഉൽപ്പാദനം 15.17 യൂണിറ്റും. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടക്കുന്നത്. ഇതിന്റെ പ്രതിദിന ചെലവ് 20.80 കോടിരൂപയാണ്.
6000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പാക്കാനുള്ള വിഭവശേഷിയുണ്ടെങ്കിലും കെ.എസ്.ഇ.ബിയും സ്വകാര്യ കമ്പനികളും ചേർന്ന് 2124 മെഗാവാട്ടു മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നതെന്ന് പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിൽ പറയുന്നു.