gold

തിരുവനന്തപുരം:കൊവിഡ് രോഗികളുമായി ദുബായിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ചാർട്ടേഡ് വിമാനമായ ഫ്ളൈ ദുബായിൽ കടത്തിയ 13.57ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം എയർ കസ്റ്റംസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി ബദറുദീൻ ഷാഫി, എറണാകുളം സ്വദേശി ഷമീർ എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഷാഫി 116.64ഗ്രാം സ്വർണം മൂന്ന് ചെയിനുകളും രണ്ട് കോയിനുകളുമാക്കിയും ഷമീർ 171.19ഗ്രാം സ്വർണം രണ്ടു കട്ടിംഗ് ചെയിനുകളാക്കിയുമാണ് സെലോടേപ്പിൽ പൊതിഞ്ഞ് ബാഗിൽ ഒളിപ്പിച്ചിരുന്നത്. ലഗേജുകൾ പരിശോധനയ്ക്കായി എയർകസ്റ്റംസിന്റെ കൺവെയർ ബെൽറ്റിൽ എത്തിപ്പോൾ സ്‌കാനറിൽ തെളിഞ്ഞു. തുടർന്ന് കൺവെയർബെൽറ്റിൽ നിന്നു ബാഗേജുകൾ എടുത്ത് പുറത്തേക്ക് കടക്കാൻ എത്തിയ ഇവരെ എയർകസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. എയർകസ്റ്റംസ് ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മിഷണർ എസ്.ബി. അനിലിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ പി.കൃഷ്ണകുമാർ, റ്റി.ശശികുമാർ, ഇൻസ്‌പെക്ടർമാരായ പ്രബോദ്, ജയശ്രീ ഷാജി എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചത്.