accident

തിരുവനന്തപുരം: ചാക്ക ഐ.എം.എ ആസ്ഥാനത്തിന് സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മൺവിള സ്വദേശികളായ ശ്രീലത (49)​,​ അനീഷ് (40)​,​ നെടുമങ്ങാട് പൂവത്തൂർ വേടരുകോണത്ത് കിഴക്കുംകര പുത്തൻവീട്ടിൽ സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ശ്രീലതയെയും അനീഷിനെയും സാരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരിക്കേറ്റ സതീഷിനെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. ശ്രീലതയും അനീഷും സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ റോഡരികിൽ നിറുത്തിയിട്ടിരിക്കുമ്പോൾ പിന്നാലെയെത്തിയ കുന്നുകുഴിയിലെ സ്വകാര്യ ട്രാവൽസിന്റെ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആൾട്ടോ കാർ എതിർവശത്തേക്ക് നിരങ്ങിപ്പോയി. കാറിലുണ്ടായിരുന്ന ശ്രീലതയെയും അനീഷിനെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കാറിലിടിച്ച ശേഷം ഇന്നോവ സതീഷ് ഓടിച്ചിരുന്ന ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും പൂർണമായി തകർന്നു. ഇന്നോവയുടെ മുൻവശം തകർന്നിട്ടുണ്ട്. വാഹനങ്ങൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ല. ഇന്നോവയുടെ ഡ്രൈവറെ കസ്‌റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു.