തിരുവനന്തപുരം: സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കേണ്ട രാഷ്ട്രീയം, സമൂഹികമായ കാഴ്ചപ്പാട് ഇതൊക്കെ കൃത്യമായി രേഖപ്പെടുത്തി വരികയായിരുന്നു സച്ചി.
സ്വന്തം രചനയിൽ സംവിധാനം ചെയ്ത അയ്യപ്പനും കോശിയും, അതിനു തൊട്ടുമുമ്പ് രചന നിർവഹിച്ച 'ഡ്രൈവിംഗ് ലൈസൻസ്' എന്നീ ചിത്രങ്ങൾ മാത്രമെടുത്തു നോക്കിയാൽ ആദ്യത്തേതിൽ രാഷ്ട്രീയ കാഴ്ചപ്പാടും രണ്ടാമത്തേതിൽ സാമൂഹ്യ കാഴ്ചപ്പാടും വ്യക്തമായി കാണാം. പക്ഷേ, സച്ചി സംസ്കാരിക കേരളത്തോട് പറയാൻ കരുതിയതിന്റെ പത്തിലൊന്നുപോലുമാകുന്നില്ല ഈ രണ്ട് ചിത്രങ്ങളും. പൊതുസമൂഹത്തിൽ നിലനിന്നുപോരുന്ന മാമൂലുകളെ തുറന്നുകാട്ടാൻ സച്ചി ആഗ്രഹിച്ചിരുന്നു. അത് കുറിപ്പുകളായി പക്കലുണ്ടായിരുന്നു. അങ്ങനെയൊരു സിനിമ തീയേറ്ററിലോടി മുടക്കുമുതൽ നേടുമെന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല.
തനിക്കിഷ്ടപ്പെട്ട സിനിമ വേറൊരാളുടെ ചെലവിൽ ചെയ്യുക എന്നു പറഞ്ഞാൽ മറ്റൊരുത്തന്റെ ചെലവിൽ ആത്മരതി നടത്തുന്നതിന് തുല്യമാണ് എന്ന് വിശ്വസിച്ചിരുന്ന ആളാണ് സച്ചി. മറ്റൊരാൾ നിർമ്മാതാകുമ്പോൾ മുടക്കിയ പൈസയെങ്കിലും തിരിച്ചുകിട്ടണമെങ്കിൽ സിനിമ ജനങ്ങൾ കാണണം. ചോക്ക്‌ലേറ്റും സീനിയേഴ്സുമെല്ലാം എഴുതുമ്പോഴും ഈ തത്വശാസ്ത്രമായിരുന്നു സച്ചിയെ നയിച്ചിരുന്നത്.
സിനിമ കൂടുതൽ പ്രേക്ഷകരെ കാണിക്കാൻ വേണ്ടിയുള്ളതാണ് എന്ന ചിന്തയിൽ നിന്നാണ് താൻ വിനോദ സിനിമയിലേക്ക് മാറുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിജയകരമായി ഇതു ചെയ്യുമ്പോഴും ഇതല്ല ചെയ്യേണ്ടത് എന്നും ചിന്തിച്ചിരുന്നു. അങ്ങനെയുള്ള സിനിമ ചെയ്യാനുള്ള ഒരു ഉൾപ്രേരണ ഉണ്ടായിരുന്നു- ഒരിക്കൽ അദ്ദേഹം വിശദീകരിച്ചു.
അതിനായി ഒരു നിർമ്മാണ കമ്പനി തുടങ്ങാനിരിക്കുകയായിരുന്നു. അങ്ങനെ പിറക്കുന്ന ആദ്യ സിനിമ തന്റെ രാഷ്ട്രീയം പറയുന്നതായിരിക്കുമെന്ന സൂചനയും സച്ചി അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. ആ രാഷ്ട്രീയം ഒരിക്കലും സ്ഥാപന വൽക്കരിക്കപ്പെട്ട സംഘനകളുടേതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാ സംവിധായകനാകാൻ കൊതിച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനാഗ്രഹിച്ചിരുന്നു. വീട്ടിലെ അവസ്ഥ അതിന് അനുകൂലമല്ലാത്തതിനാൽ പഠിച്ചത് നിയമം. അത് സിനിമയിൽ കൃത്യമായി പ്രയോഗിക്കുകയും ചെയ്തു. നിയമത്തിന്റെ നൂലാമാലകൾ സച്ചിയുടെ സിനിമകളിൽ കാണാം. എട്ടുവർഷം വക്കീൽ കുപ്പായമണിഞ്ഞ ശേഷമാണ് സിനിമാ മോഹവുമായി നടന്ന സേതുവിനൊപ്പം സിനിമ സംവിധാനം ചെയ്യാൻ തുനിഞ്ഞിറങ്ങിയത്. ആദ്യം തയ്യാറാക്കിയ 'റോബിൻ ഹുഡ്' തിരക്കഥ അതുൽകുൽക്കർണി, അരുൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ചിത്രത്തിന്റെ പൂജ കഴിഞ്ഞപ്പോൾ തടസം വിതരണക്കാരുമായുള്ള ഉടക്കിന്റെ രൂപത്തിലുണ്ടായി. ഒന്നു ചവിട്ടിനിന്നശേഷം സംവിധാനത്തിലേക്ക് തിരിയാമെന്ന സുഹൃത്തുക്കളുടെ ഉപദേശം കാരണം എഴുത്തിൽ മാത്രമാക്കി ശ്രദ്ധ. ഷാഫിക്കു വേണ്ടി 'ചോക്‌ലേറ്റ്' എഴുതി വൻ ഹിറ്റായി. 'റോബിൻഹുഡ്' ജോഷി മനോഹരമാക്കി.
സേതുവുമായി പിരിഞ്ഞ് ഒറ്റയ്ക്ക് എഴുതിയ 'റൺ ബേബി റൺ' സംവിധാനം ചെയ്താലോ എന്നാലോചിച്ചെങ്കിലും അത് ജോഷിയെ ഏൽപ്പിക്കുകയായിരുന്നു. ഒടുവിൽ അനാർക്കലിയിലൂടെ സംവിധായകൻ. അതിനുശേഷം മൂന്നു തിരക്കഥയ്ക്കുശേഷമാണ് അയ്യപ്പനും കോശിയും സംവിധാനം ചെയ്തത്.