കല്ലമ്പലം: അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് ഓണത്തിന് മുൻപ് വീടൊരുങ്ങും. കലാസാംസ്കാരിക ക്ഷേമനിധി ബോർഡിൽ നിന്നും അനുവദിച്ച രണ്ടു ലക്ഷം രൂപ അപര്യാപ്തമായതിനാൽ ബി. സത്യൻ എം.എൽ.എയുടെ ഇടപെടൽ മൂലം അദ്ദേഹത്തിന്റെ അയൽവാസിയും പ്രവാസിയുമായ നാലാഞ്ചിറ സ്വദേശി കോശി മാമ്മൻ വീട് സന്ദർശിക്കുകയും ഒരു ലക്ഷം രൂപ കുടുംബത്തിന് നൽകുകയും ചെയ്തു. വീടിന് അനുയോജ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി വീടിന്റെ പണി ആരംഭിച്ചു. ആദ്യഘട്ടം മൂന്നര ലക്ഷം രൂപയോളം വേണ്ടി വരും. വീട് പൂർത്തികരിക്കുന്നതിന് ബാക്കി തുകയും കണ്ടെത്തുമെന്നും ഓണത്തിന് മുൻപ് വീട് പൂർത്തികരിച്ച് നൽകാനാണ് തീരുമാനമെന്നും എം.എൽ.എ പറഞ്ഞു.