1

പൂവാർ: തീരപ്രദേശത്തെ ഗ്രാമങ്ങളിൽ സജീവമായിരുന്ന ചന്തകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൂട്ടിയിരിക്കുകയാണ്. നാട്ടിൻപുറങ്ങളിൽ അവശ്യസാധനങ്ങൾ വാങ്ങാനും വിൽക്കാനും പ്രാദേശികമായി ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള ചന്തകളെയാണ്. രോഗവ്യാപനം തടയുന്നതിനായി ആൾക്കൂട്ടം ഒഴിവാക്കാൻ സർക്കാർ ഇത്തരം ചന്തകളുടെ പ്രവർത്തനം വിലക്കിയതിനെ തുടർന്ന് ചന്തകൾ അടച്ച് പൂട്ടിയിരുന്നു. ഇതിലൂടെ കച്ചവടക്കാരും,​ തൊഴിലാളികളും, ഗുണഭോക്താക്കളും പ്രതിസന്ധിയിലായി. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ചന്തകളുടെ കാര്യത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇത് ചന്തയെ ആശ്രയിച്ച് ജീവിക്കുന്നവരെ കൂടുതൽ പ്രതിസന്ധിയിലാക്കി. നിയന്ത്രണങ്ങൾ പാലിച്ച് മത്സ്യബന്ധനവും അവയുടെ വിപണനവും ആകാമെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ ഇതിൽ പല ചന്തകളുടെയും സമീപത്തായി കച്ചവടം പുനഃരാരംഭിച്ചു. ഇവിടങ്ങളിൽ ജനക്കൂട്ടം ഒഴിവാക്കാനായി പലഘട്ടത്തിലും പൊലീസിന് ബലപ്രയോഗം വേണ്ടി വന്നിട്ടുണ്ട്. ചന്തകളിൽ കൂടുതലും വിപണനത്തിനെത്തുക മത്സ്യങ്ങളാണ്. ഇവയുടെ വിപണനത്തിന് സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കിയതോടെ ചന്തകളെ നോക്കുകുത്തികളാക്കി പൊതുസ്ഥലങ്ങളിലും റോഡുവക്കിലും അനധികൃത ചന്തകൾ സ്ഥാനം ഉറപ്പിച്ചു. ഫലത്തിൽ പ്രത്യേക സ്ഥലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചന്തകൾ നാടുനീളെ വ്യാപിക്കുകയാണ് ചെയ്തത്. ഇങ്ങനെയുള്ള ചന്തകളിൽ ആൾക്കൂട്ടങ്ങൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർക്കോ പൊലീസിനോ പറ്റാത്ത വിധമാണ് ഇത്തരം ചന്തകളുടെ പ്രവർത്തനമെന്നും ആരോപണങ്ങളുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകേണ്ടതിനാൽ പൂട്ടിയിട്ടിരിക്കുന്ന ചന്തകൾ തുറന്ന് നിയന്ത്രണങ്ങൾ പാലിച്ച് പ്രവർത്തിപ്പിക്കാൻ പഞ്ചായത്തുകളും പൊലീസും തയ്യാറാകണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടിരിക്കുകയാണ്.

 തീരദേശ മേഖലയിൽ പൂട്ടിയിട്ടിരിക്കുന്ന ചന്തകൾ

കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പരുത്തിയൂർ, ഉച്ചക്കട ,പൂഴിക്കുന്ന്, പ്ലാമൂട്ടുക ചന്തകൾ, തിരുപുറം ഗ്രാമ പഞ്ചായത്തിലെ പഴയകട, പുത്തൻകട, പൂവാർ ഗ്രാമപഞ്ചായത്തിലെ പൂവാർ, അരുമാനൂർക്കട, കരുംകുളം ഗ്രാമപഞ്ചായത്തിലെ പൊറ്റയിൽ ചന്ത, പുല്ലുവിള സുനാമിചന്ത, കൊച്ചുപള്ളി ചന്ത, പള്ളം ഫിഷ് മാർക്കറ്റ്, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിന്റെ കാഞ്ഞിരംകുളം ചന്ത, കോട്ടുകാൽ ഗ്രാമ പഞ്ചായത്തിന്റെ ചൊവ്വര, ഉച്ചക്കട, അടില്ലത്തുറ ഫാത്തിമ മാതാ ഇടവകചന്ത തുടങ്ങിയവയെല്ലാം ലോക്ക് ഡൗണോടെ പൂട്ടിയിട്ടിരിക്കുന്ന ചന്തകളാണ്.

 മത്സ്യ വിപണനത്തിന് പുതിയ മാർഗരേഖ സർക്കാർ പുറത്തിറക്കിയതോടെയാണ് അനധികൃത ചന്തകൾ വ്യാപകമായി പ്രവർത്തനമാരംഭിച്ചത്.

 റോഡുവക്കിലും,​ പൊതുസ്ഥലങ്ങളിലും കൂടുന്ന ചന്തകളിൽ പല പ്രദേശത്ത് നിന്ന് ആളുകളെത്തുന്നതും,​ സാമൂഹിക അകലം പാലിക്കാത്തതും പ്രദേശവാസികളിൽ രോഗവ്യാപന ഭീതി ഉണ്ടാക്കുന്നുണ്ട്.