നെയ്യാ​റ്റിൻകര: നഗരസഭയിൽ അഴിമതി നടന്നതായുള്ള വിജിലൻസ് പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കൊല്ലം നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. ലൈഫ് ഭവന പദ്ധതിയിൽ അനർഹരെ ഉൾപ്പെടുത്തിയതായും പൊതുമരാമത്ത് റോഡിൽ ഇന്റർലോക്ക് പണിയുന്നതിനും വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചതിനും നഗരസഭാ ഫണ്ട് ഉപയോഗിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പഴതൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശശിധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ജൂലായ് 18 ന് വിജിലൻസ് നഗരസഭയിൽ നടത്തിയ പരിശോധയിലാണ് അഴിമതി കണ്ടെത്തിയത്. തുടർന്നാണ് സർക്കാർ തലത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗവ. അഡിഷണൽ സെക്രട്ടറി രമണി മാത്യു ആവശ്യപ്പെട്ടത്. കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി നെയ്യാറ്റിൻകര നഗരസഭ സി.പി.എമ്മിന്റെ കീഴിലായിരുന്നു. കഴിഞ്ഞ തവണ മാത്രമാണ് കോൺഗ്രസ് ഭരിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ് എൽ.സി സെക്രട്ടറി പരാതി നൽകിയതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറയുന്നു. അതേ സമയം ചില കൗൺസിലർമാർ ഉൾപ്പെടെ ഒരു വിഭാഗം കുറേക്കാലമായി തന്നെ വേട്ടയാടുന്നതിന്റെ തുടർച്ചയാണിതെന്നു ചൂണ്ടിക്കാട്ടി ഡബ്ലിയു.ആർ. ഹീബ ജില്ലാ നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.