sun

തിരുവനന്തപുരം: സൂര്യൻ ഒരു പ്രഭാവലയമായി ദൃശ്യമാവുന്ന നാളത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിരിക്കും. രാവിലെ 9.15 മുതൽ വൈകിട്ട് 3.04 വരെയാണ് ഇന്ത്യയിൽ ദൃശ്യമാവുന്നത്.

തിരുവനന്തപുരത്ത് രാവിലെ 10.15നാണ് ഗ്രഹണം ആരംഭിക്കുക.11.40ന് പാരമ്യതയിലെത്തി 1.15ന് അവസാനിക്കും.തൃശൂരിൽ രാവിലെ 10.10 മുതൽ ഉച്ചക്ക് 1.19വരെയും കാസർകോട് രാവിലെ 10.05 മുതൽ ഉച്ചയ്ക്ക് 1.21വരെയും കാണാം

രാജസ്ഥാൻ,പഞ്ചാബ്,ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ വലയരൂപത്തിൽ കാണാൻ കഴിയും. കഴിഞ്ഞ വർഷം ഡിസംബർ 26നായിരുന്നു അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത്. കേരളത്തിൽ ഇനിയൊരു സൂര്യഗ്രഹണം ദൃശ്യമാകുക 2022 ഒക്ടോബർ 25 നായിരിക്കും.

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനിടെ സൂര്യനും ഭൂമിക്കും ഇടയിൽ അഭിമുഖമായി വരാറുണ്ട്. ആ സന്ദർഭങ്ങളിൽ സൂര്യനെ മറയ്ക്കുന്ന ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിയും. അതാണ് സൂര്യഗ്രഹണം.

ചന്ദ്രന്റെ സഞ്ചാരം വിദൂര പാതയിലാണെങ്കിൽ സമ്പൂർണമായി മറയാത്ത സൂര്യൻ ഒരു പ്രഭാവലയമായി (മോതിരംപോലെ ) ദൃശ്യമാവും. അതാണ് നാളെ സംഭവിക്കുന്നത്.