പ്രതിരോധം ശക്തമാക്കി ആറ്റിങ്ങൽ നഗരസഭ
ആറ്റിങ്ങൽ: കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നഗരസഭ തീരുമാനിച്ചു. വെറ്റില മുറുക്കും അനുബന്ധ ഉത്പന്നങ്ങളുടെ വില്പനയും ആറ് മാസത്തേക്ക് നിരോധിക്കാൻ കൗൺസിൽ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിലും വീടുകളുടെ പരിസരങ്ങളിലും തുപ്പുന്നത് അവസാനിപ്പിക്കുന്നതിനാണ് വെറ്റില മുറുക്ക് നിരോധിക്കുന്നത്. ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കും. മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതി കൂടി ലഭിക്കുന്നത് അനുസരിച്ച് ഈ സംവിധാനം തയ്യാറാക്കുമെന്ന് ചെയർമാൻ എം. പ്രദീപ് പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തെർമൽ സ്‌കാനിംഗിന് വിധേയരാക്കും. ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിലും തെർമൽ സ്‌കാനിംഗ് നടത്തും. എല്ലാവരും സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.