images

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ആരംഭിച്ച ആഭ്യന്തര പരിശോധനാ സംവിധാനമായ പെർഫോമൻസ് ഓഡിറ്റ് നിറുത്തലാക്കുന്നു

ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾക്ക് പ്രാദേശിക സർക്കാരുകളുടെ അധികാരം ലഭ്യമാക്കിയതിന് പിന്നാലെ ,1997ലാണ് നായനാർ സർക്കാർ മൂന്ന് മാസത്തിലൊരിക്കൽ പെർഫോമൻസ് ഓഡിറ്റ് ഏർപ്പെടുത്തിയത്. പദ്ധതി നിർവ്വഹണം കാര്യക്ഷമവും സുതാര്യവുമാക്കുകയായിരുന്നു ലക്ഷ്യം.

അതേസമയം, അധിക ബാദ്ധ്യതയും ഓഡിറ്റുകളുടെ ബാഹുല്യവുമാണ് നിറുത്തലാക്കലിന് കാരണമായി ധനകാര്യ വകുപ്പ് പറയുന്നത്. അക്കൗണ്ടന്റ് ജനറലിന്റെയും ലോക്കൽ ഫണ്ട് വിഭാഗത്തിന്റെയും ഓഡിറ്റിംഗ് നടക്കുന്ന സാഹചര്യത്തിൽ , ഇതിന്റെ കൂടി ആവശ്യമില്ല. ജനകീയാസൂത്രണം കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ സ്ഥിതിക്ക് ,ഉദ്ദേശ്യ ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടു. ഇനി സൂക്ഷ്മതലത്തിൽ പരിശോധന വേണ്ട. ഇതിലെ ജീവനക്കാരെ പുനർവിന്യസിക്കുന്നതിലൂടെ, സർക്കാരിന്റെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനാവുമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഗ്രാമ പഞ്ചായത്തുകളിൽ ജൂനിയർ സൂപ്രണ്ടുമാരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പരിശോധന നടത്തുന്നത് കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും സെക്രട്ടേറിയറ്റിലെ അഡിഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള റിജിയണൽ പെർഫോമൻസ് ഓഡിറ്റാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർമാരുടെയും, . മുനിസിപ്പാലിറ്റികളിൽ റിജിയണൽ ജോയിന്റ് ഡയറക്ടർമാരുടെയും നേതൃത്വത്തിലും. പെർഫോമൻസ് ഓഡിറ്റ് നിറുത്തുന്നതിൽ തദ്ദേശ ജനപ്രതിനിധികൾക്കും അഭിപ്രായ ഐക്യമില്ലെന്നാണ് ജീവനക്കാരുടെ പുനർവിന്യാസ സാദ്ധ്യത പഠിക്കാൻ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ അദ്ധ്യക്ഷയായി നിയോഗിക്കപ്പെട്ട സമിതിയുടെ നിഗമനം.

ഓഡിറ്റ് വിഭാഗം

സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ 3 അഡിഷണൽ സെക്രട്ടറിമാർ, 12 സെക്‌ഷൻ ഓഫീസർമാർ, 32 അസിസ്റ്റന്റുമാർ.

പഞ്ചായത്ത് വകുപ്പിലെ 66 സീനിയർ സൂപ്രണ്ടുമാർ, 137 ജൂനിയർ സൂപ്രണ്ടുമാർ, 144 സീനിയർ ക്ലാർക്കുമാർ, 77 ഓഫീസ് അസിസ്റ്റന്റുമാർ, 5 മറ്റുള്ളവർ.

ഗ്രാമവികസന വകുപ്പിലെ 14 അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർമാർ.

ഓഡിറ്റിന്റെ

നേട്ടങ്ങൾ:

 പദ്ധതി രൂപീകരണം സമയബന്ധിതമാക്കാം.

. വരവ് തുക അടവാക്കുന്നതിലെ അപാകതകൾ കണ്ടെത്താം.

 100 ശതമാനം നികുതി പിരിവ് .

 അക്കൗണ്ടുകൾ കാലികമാക്കാം.

 ധനാപഹരണങ്ങളും ക്രമക്കേടുകളും യഥാസമയം കണ്ടെത്താം.

"തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിയും സ്വജനപക്ഷപാതവും കണ്ടെത്തി തടയാനുള്ള ഓഡിറ്റ് സംവിധാനം നിറുത്തലാക്കാനുള്ള നീക്കം പുന:പരിശോധിക്കണം. പഞ്ചായത്ത് വകുപ്പിൽ നിയമന നിരോധനത്തിനും ഇത് വഴിയൊരുക്കും"

- നൈറ്റോ ബേബി അരീക്കൽ,

പഞ്ചായത്ത് എംപ്ലോയീസ് ഓർഗ..

ജനറൽസെക്രട്ടറി.