ആറ്റിങ്ങൽ: കാൽ നൂറ്റാണ്ടിന് ശേഷം മേലാറ്റിങ്ങൽ കിഴക്കനേല വീണ്ടും പച്ചപ്പണിയുന്നു. 25 വർഷത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇവിടെ കൃഷിയും കാർഷിക സംസ്ക്കാരവും പുനർജനിക്കുകയാണ്. സമൂഹം കൂട്ടായി കൃഷിക്ക് ഇറങ്ങിയാണ് പഴയ കാർഷിക സംസ്കാരം തിരിച്ചു പിടിക്കാൻ ഒരുങ്ങുന്നത്.
മേലാറ്റിങ്ങൽ കർഷക സമിതിയുടെ നേതൃത്വത്തിൽ പത്തേക്കറോളം കൃഷിയിടം ഒരുക്കിക്കഴിഞ്ഞു. ആഘോഷമായി ഞാറു നടീലും നടത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. കിളിമാനൂർ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. രാമു, ആർ. രാജു, രജി, അഡ്വ. സി.ജെ. രാജേഷ് കുമാർ, സി.വി. അനിൽകുമാർ, ബി. പ്രഭകരൻ, പി. സുകേശൻ എന്നിവർ പങ്കെടുത്തു. മുതിർന്ന കർഷകരായ എം. തങ്കപ്പൻ പിള്ള, ജെ. മുരാരി, വിദ്യാർത്ഥി കർഷകൻ വി. ദിപിൻ എന്നിവരെയും ആദരിച്ചു.