പാറശാല: പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ ക്ലാസ്സ് ഫസ്റ്റ് ബെൽ കാണാനുള്ള സംവിധാനങ്ങൾ കാരോട് ഗ്രാമപഞ്ചായത്തിലും ഒരുക്കി. പാറശാല ബി.ആർ.സി യുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ നിരവധി കേന്ദ്രങ്ങളിലായി കേബിൾ കണക്ഷനും എൽ.ഇ.ഡി ടി.വി യും സജ്ജീകരിച്ചു. പുതുപ്പുരയ്ക്കൽ വാർഡിലെ 110,108 നമ്പരുകളിലെ അംഗനവാടികൾ, കാന്തളളൂരിലെ ചൈതന്യ ഗ്രന്ഥശാല,കാക്കവിള വാർഡിലെ 89 മത് നമ്പർ അംഗനവാടി,വയൽവാരം ഗ്രന്ഥശാല എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സംവിധാനങ്ങൾ ഒരുക്കിയത്.വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പുതുതായി ഒരുക്കിയിട്ടുള്ള സെന്ററുകളിൽ എത്തി ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്. ഏതെങ്കിലും പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പങ്കെടുക്കുവാൻ കഴിയുന്നില്ലെന്ന വിവരം സ്‌കൂളുകളിൽ അറിയിച്ചാൽ ആ സ്ഥലത്തെ പൊതു കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.ഓൺലൈൻ ക്ലാസിന്റെ പഞ്ചായത്ത്തല ഉദ്‌ഘാടനം മഞ്ചാംകുഴി 108 മത് നമ്പർ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി.ട്രെയ്നർ എസ്.അജികുമാർ,സാമുവൽ എൽ.എം.എസ് എൽ.പി.എസ് പ്രഥമാദ്ധ്യാപകൻ ഫസിൽ,അംഗൻവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്തംഗം പി.പി. ഷിജുവിന്റെ നേതൃത്വത്തിലാണ് 108 മത് നമ്പർ അംഗൻവാടിയിൽ ടി.വി.സംവിധാനം ഒരുക്കിയത്.