കാട്ടാക്കട: പൂവച്ചലിലെ ജനകീയ ഡോക്ടറായ മുളമൂട് മോഹൻ ക്ലിനിക് ഉടമ ഡോ.രാജേന്ദ്രന് ജന്മനാടിന്റെ അന്ത്യാഞ്ജലി. ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറുടെ വേർപാട് ഗ്രാമത്തിനെയാകെ ദുഃഖത്തിലാഴ്ത്തി. ഡോക്ടർ നാടിന് നൽകിയിട്ടുള്ള സംഭാവനകൾ നിരവധിയാണ്. വർഷങ്ങളായി നിർജീവമായി കിടന്ന പൂവച്ചൽ സമദർശിനി കലാ സാംസ്കാരിക സമിതി രാജേന്ദ്രൻ ഡോക്ടർ ഭാരവാഹിയായിരുന്നപ്പോഴാണ് കേരളത്തിലെ തന്നെ ശ്രദ്ധേയമായ ഒന്നായി മാറിയത്. പൂവച്ചലിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറ ഉണ്ടാക്കിക്കൊടുത്ത മികച്ച കമ്മ്യൂണിസ്റ്റുകാരൻ കൂടിയായിരുന്നു. ന്യൂ പാരലൽ കോളേജിലൂടെ ഒരു നല്ല തലമുറയെ വർത്തെടുത്തു. പൂവച്ചൽ ഗ്രാമത്തിലെ സാധാരണ നിർദ്ധന കുടുംബത്തിൽ ശ്രീധരന്റെയും ശാരദയുടെയും അഞ്ചു മക്കളിൽ മൂത്തവനായിട്ടായിരുന്നു ജനനം. പൂവച്ചൽ ഗവ.ഹൈസ്കൂളിലെ ആദ്യത്തെ പത്താം ക്ലാസ് ബാച്ചിലെ മിടുക്കന് പിന്നീട് മാർ ഇവാനിയോസ് കോളേജിൽ ബോട്ടണിയിൽ ബിരുദം നേടാനായിരുന്നു നിയോഗം.തുടർന്ന് ക്ലാർക്കായി നിയമനം ലഭിച്ചു. ജോലിക്കൊപ്പം പഠനവും പൊതുപ്രവർത്തനവുമായി മുന്നോട്ട് നീങ്ങി.
കമ്മ്യൂണിസ്റ്റ് ചിന്താഗതിയിലും ശാസ്ത്ര പ്രചാരണങ്ങളിലും ആകൃഷ്ടനായി ജീവിതം മുന്നോട്ട് നീങ്ങി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻകാല രൂപമായി അറിയപ്പെടുന്ന ഗ്രാമ ശാസ്ത്ര സമിതിയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. പദവികളോടും പുരസ്കാരങ്ങളോടും അകലം പാലിച്ച് തന്റേതായ രീതിയിൽ സാമൂഹ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങി. 1983 ൽ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടി. പൂവച്ചൽ മുളമൂട്ട് മോഹൻ ക്ലീനിക്ക് തുടങ്ങിയതോടെ രാജേന്ദ്രൻ ജനകീയനായി മാറുകയായിരുന്നു. ആളുകളുടെ കുടുംബ ഡോക്ടറായി മാറാൻ ചുരുക്കം കാലം കൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ പഠനശേഷം പൂവച്ചൽ വിട്ട് മറ്റെവിടെയും പോയിട്ടില്ല.മോഹൻ ക്ലിനിക് വന്നശേഷം കാശില്ലാത്തതുകൊണ്ട് പൂവച്ചലിൽ ആർക്കും ചികിത്സ കിട്ടാതെ വന്നിട്ടില്ല. പൂവച്ചൽ ശ്രീധരപ്പണിക്കർ മെമ്മോറിയൽ ശാഖ തുടങ്ങിയതു മുതൽ ശാഖയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും വിദ്യാഭ്യാസ സഹായവും നൽകിയിരുന്നു. മരിക്കുമ്പോൾ തന്റെ കണ്ണുകൾ ദാനം ചെയ്ത ഡോ.രാജേന്ദ്രൻ വാക്കുകൾക്കപ്പുറം തന്റെ ജീവിതത്തിലൂടെ വിപ്ലവം നടപ്പിലാക്കിയ മനുഷ്യ സ്നേഹിയായിരുന്നു. സി.പി.എം നേതാക്കളായ കാട്ടാക്കട ശശി,പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രൻ,ശാഖാ പ്രസിഡന്റ് സി.ആർ.ഉദയകുമാർ,സെക്രട്ടറി ശശീന്ദ്രൻ തുടങ്ങി നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.