കൊച്ചി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കണയന്നൂർ താലൂക്കിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ഭരണയന്ത്റത്തിന്റെ പഴുതടച്ച ക്രമീകരണങ്ങളിലൂടെ വികേന്ദ്രീകൃത രീതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇക്കുറി ജില്ലാഭരണകൂടം ആവിഷ്‌കരിച്ചത്. അപ്രതീക്ഷിതമായെത്തിയ കൊവിഡ് 19 രോഗവ്യാപന സാദ്ധ്യതകൂടി കണക്കിലെടുത്താണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ. പൊതുജന പങ്കാളിത്തം ഒഴിവാക്കിയായിരുന്നു മോക്ഡ്രിൽ.
തൃക്കാക്കര മുനിസിപ്പാലി​റ്റിയിലെ 19-ാം ഡിവിഷനിലായിരുന്നു മോക്ഡ്രിൽ. ജില്ലാ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നിന്നുള്ള സന്ദേശം ഉച്ചയ്ക്ക് 12ന് താലൂക്ക് കൺട്രോൾ റൂമിൽ ലഭിച്ചു. ഒരുമണിക്ക് മുൻപായി നിശ്ചയിച്ച രീതിയിൽതന്നെ 'ദുരിതമുഖത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.
രോഗലക്ഷണങ്ങൾ ഉള്ളവർ, 60 വയസിന് മുകളിൽ പ്രായമുള്ളവർ, ക്വാറന്റെെനിൽ കഴിയുന്നവർ, കുടിയേ​റ്റ തൊഴിലാളികൾ, പൊതുവിഭാഗത്തിലുള്ളവർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്കായി സജ്ജീകരിച്ച വ്യത്യസ്ത ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ഇവരെ മാ​റ്റിപ്പാർപ്പിച്ചത്. റവന്യൂവകുപ്പ്, പൊലീസ്, ആരോഗ്യവകുപ്പ്, ഫയർഫോഴ്‌സ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആർ.ടി.ഒ, തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
താലൂക്ക് റെസ്‌പോൺസ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ എം.വി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തഹസിൽദാർ ബീന പി. ആനന്ദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.