കിളിമാനൂർ: ഇരട്ടച്ചിറ ഗ്രാമവാസികൾക്ക് പറയാനുള്ളത് അവഗണനയുടെ കഥ മാത്രം. മാനത്ത് മഴക്കാറ് കണ്ടാൽ മാത്രം പോയിരുന്ന കറണ്ട് ഇപ്പോൾ മഴയും കാറ്റും ഒന്നും ഇല്ലെങ്കിലും മണിക്കൂറുകളോളമാണ് മുടങ്ങുന്നത്. ഇപ്പോൾ ഏറെ ബുദ്ധിമുട്ടുന്നത് വിദ്യാർത്ഥികളാണ്. കടം വാങ്ങിയും ലോൺ എടുത്തുമൊക്കെ ഓൺലൈൻ സൗകര്യത്തിനായി ടി.വിയും മൊബൈലുമൊക്കെ വാങ്ങി ക്ലാസിന് തയ്യാറാകുമ്പോഴേക്കും കറണ്ടു പോകും, പിന്നെ വരുന്നതാകട്ടെ മണിക്കൂറുകൾക്ക് ശേഷവും.
മാത്രമല്ല ഇടയ്ക്കിടക്ക് അമിതമായ വൈദ്യുത പ്രവാഹവും ഉണ്ടാകുന്നുണ്ട്. ഇതുകാരണം ടി വി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുന്നതും പതിവാണ്. കല്ലറ ഭാഗത്ത് നിന്നുള്ള ലൈനിൽ നിന്നാണ് വട്ടപ്പാറ ഭാഗത്തേക്ക് വൈദ്യുതി എത്തുന്നത്. റബർ തോട്ടങ്ങൾക്കിടയിലൂടെയാണ് ഈ ലൈൻ കടന്നു പോകുന്നത്. ചെറിയ കാറ്റടിക്കുമ്പോൾ പോലും മരച്ചില്ലകൾ തട്ടി വൈദ്യുതി മുടങ്ങുന്നു. നിത്യേന പത്തും പതിനഞ്ചും പ്രാവശ്യമാണ് ഇത്തരത്തിൽ വൈദ്യുതി മുടങ്ങുന്നത്.
കിളിമാനൂർ ടൗണിനോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണെങ്കിലും വികസന കാര്യങ്ങളിൽ ഏറെ പിന്നിലാണ് ഇരട്ടച്ചിറ. കിളിമാനൂർ ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സംസ്ഥാന പാതയ്ക്ക് ഇരു വശമായിട്ടാണ് ഇരട്ടച്ചിറ ഗ്രാമം. നൂറു കണക്കിന് കുടുംബാംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്.