പാലോട്: ഭൂമി പതിച്ചു കിട്ടാനായി ആദിവാസി ക്ഷേമ സമിതി 2003 ഏപ്രിൽ 21ന് തുടക്കം കുറിച്ച പ്രതിഷേധമാണ് ചെറ്റച്ചൽ പൊട്ടൻചിറ ഭൂസമരം. 18 വർഷമായി യാതൊരു വിധ നടപടികളോ ആനുകൂല്യങ്ങളോ അർഹതപ്പെട്ടവരിലെത്തിക്കാൻ ഒരു സർക്കാരും തയ്യാറാകുന്നില്ല. 17 വർഷമായുള്ള പ്രതീക്ഷ ഒട്ടും കൈവിടാതെ ഇന്നും സ്വന്തമായുള്ളൊരു ഭൂമിയിൽ അന്തിയുറങ്ങണം എന്ന ആഗ്രഹവുമായാണ് ഇവിടുത്തെ ഓരോ അന്തേവാസികളും കഴിയുന്നത്. താമസിക്കുന്ന ഭൂമിയെങ്കിലും പതിച്ചു കിട്ടുന്നതിന് വേണ്ട നടപടി എടുക്കണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്. അല്ലെങ്കിൽ വാസയോഗ്യമായ ഭൂമി ലഭിച്ചാൽ മതിയെന്നുമാണ് ഇവരുടെ ആഗ്രഹം.
മഴക്കാലമാകുമ്പോൾ ചോർന്നൊലിക്കുന്ന ടാർപ്പോളിൻ വിരിച്ച കുടിലുകളിൽ നെഞ്ചിടിപ്പോടെ കഴിയുന്ന ഇവരെ സർക്കാർ ലൈഫ് പദ്ധതിയിലും ഉൾപ്പെടുത്തില്ല. കാരണം ഇവർക്ക് യാതൊരുവിധ രേഖകളും ഇല്ല എന്നതുതന്നെ. വീട്ടു നമ്പരിനായി വിതുര പഞ്ചായത്തിൽ ചെന്നെങ്കിലും അവർ കൈമലർത്തുകയാണ് ഉണ്ടായത്. അവഗണന മാത്രം ലഭിക്കുന്ന ഇവർക്ക് ഭൂമിയുമില്ല. ഇവിടെ കഴിയുന്ന ആദിവാസികൾക്ക് വേറെ ഭൂമി നൽകി ഈ ഭൂമി ഫാം വികസനത്തിന് ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
താമസിക്കുന്ന ഭൂമിക്ക് രേഖയില്ല
ചോർന്നൊലിക്കുന്ന കൂരകൾ; ലൈഫ് പദ്ധതിയിലും പേരില്ല
വീട്ട് നമ്പർ ഇല്ല
കറണ്ടും വെള്ളവും ഇല്ല
പ്രാഥമിക ആവിശ്യങ്ങൾക്ക് പോലും സൗകര്യമില്ല
ഭൂമി പതിച്ചു കിട്ടാത്തതിനാൽ അർഹതപ്പെട്ട റേഷൻ ആനുകൂല്യങ്ങൾ പോലും ലഭിക്കുന്നില്ല
തിരിഞ്ഞുനോക്കാതെ
2003ൽ എ.കെ. ആന്റണിയുടെ ഭരണകാലത്താണ് 28 ഏക്കറോളം വരുന്ന പ്രദേശത്ത് ഭൂമി പതിച്ചു കിട്ടാൻ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്. തുടർന്ന് ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണ കാലത്തും സമരം ശക്തമായി നിലനിന്നു. കൊടി കുത്താനും കുടിൽ കെട്ടാനും മുൻകൈയെടുത്ത നേതാക്കൾ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ സമരം അവസാനിപ്പിച്ച് പിന്തിരിഞ്ഞു. വീണ്ടും യു.ഡി.എഫ് അധികാരമേറ്റപ്പോൾ സമരപ്പന്തലും ഉയർന്നു. ഇപ്പോൾ നാല് വർഷമായി സമരവുമില്ല നേതാക്കളുമില്ല.
ജനനവും മരണവും ഇവിടെ
കുടിൽ കെട്ടി താമസമാരംഭിച്ചതിനു ശേഷം ഇതേ ഭൂമിയിൽ അന്ത്യവിശ്രമം കൊള്ളുന്നത് 4 മുതിർന്നവരും 2 കുഞ്ഞുങ്ങളുമാണ്.
ഇവിടെ താമസിക്കുന്നത് - 30 ഓളം കുടുംബങ്ങൾ
ഓൺലൈൻ ക്ലാസും ഇല്ല
സമരഭൂമിയിൽ ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാതെ നാല് ആദിവാസി കുട്ടികളുണ്ട്. ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്യാമ, എട്ടാം ക്ലാസ് വിദ്യാർത്ഥി മനേഷ്, നാലാം ക്ലാസിലെ ലിജിൻ, ഒൻപതാം ക്ലാസിലെ അൻസി എന്നിവരാണ് ഇവിടെ പഠിക്കുന്ന കുട്ടികൾ. ഇവിടെ താമസിക്കുന്ന കുടുംബങ്ങളിൽ ഒരാളിന്റെ വീട്ടിൽ മാത്രമാണ് ടി.വിയുള്ളത്. അതും സോളാറിലാണ് പ്രവർത്തിക്കുന്നത്.