vl-d-1

വെള്ളറട: വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പനിക്ക് ചികിത്സതേടിയെത്തിയ തമിഴ്നാട് പത്തുകാണി സ്വദേശിനിക്കും (15) മാതാവിനും സഹോദരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുമായി ബന്ധപ്പെട്ട ഡോക്ടറും ആശുപത്രി ജീവനക്കാരും ഉൾപ്പടെ 130പേരെ നിരീക്ഷണത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ചവർ എത്തിയ ദിവസം ആശുപത്രിയിൽ ചികിത്സതേടിയവരും ഇതിൽ ഉൾപ്പെടും. അമ്പൂരിയിൽ 47 പേരും 83 പേർ വെള്ളറടയിലുമാണ് വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നത്. ആശുപത്രി ജീവനക്കാരായ പത്തുപേരുടെ സ്രവ പരിശോധന നടത്താനും തീരുമാനിച്ചു. ഇതിനു പുറമെ പാറശാലയിൽ നിന്നു ഫയർ ഫോഴ്സ് എത്തി ആശുപത്രി അണുവിമുക്തമാക്കി. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത കുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ശിവകുമാർ,​ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽ കുമാർ,​വെള്ളറട - ആര്യങ്കോട് ,​ നെയ്യാർഡാം സ്റ്റേഷനിലെ സി.ഐമാർ,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭ കുമാരി,​ ബി.ഡി.ഒ സുരേഷ് കമാർ, ​വെള്ളറട മെഡിക്കൽ ഓഫീസർ സുനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ അടിയന്തിരമായി ആശുപത്രിയിൽ നടപ്പിലാക്കേണ്ട നടപടികളെകുറിച്ചും ചർച്ചചെയ്ത് തീരുമാനിച്ചു. തെറ്റായ പ്രചാരണത്തിനെതിരെ മൈക്ക് പബ്ളിസിറ്റി നടത്താനും ജനങ്ങൾ സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് അറിയിക്കാനും അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത വരുത്തേണ്ടതിന്റെ ഭാഗമായി വെള്ളറട അമ്പൂരി,​ കുന്നത്തുകാൽ,​ പഞ്ചായത്ത് പ്രദേശങ്ങളിൽ ഹോട്ട്സ് പോട്ടായി പ്രഖ്യാപിക്കാൻ ആവശ്യമായ നടപടിവേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാകളക്ടർക്ക് റിപ്പോർട്ട് നൽകാനും തീരുമാനിച്ചു. അതിർത്തിയിലെ പനച്ചമൂട്ടിൽ കർശന പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വ്യാജ വാർത്തകളിൽ വീഴരുത്

ഇതിനിടെ നവമാദ്ധ്യമങ്ങളിലൂടെ വെള്ളറടയിൽ കൊവിഡ് പടർന്നുവെന്നും ആശുപത്രി അടച്ചുപൂട്ടിയെന്നുമുള്ള വ്യാപകമായ പ്രചാരണവും നടക്കുകയാണ്. ഇതിനെതിരെ നടപടി വേണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.