തിരുവനന്തപുരം: മത്സ്യബന്ധന സീസൺ ആയതിനാൽ തിരക്ക് വർദ്ധിച്ചതോടെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് പരാതി ഉയർന്ന വിഴിഞ്ഞം തീരം ജില്ലാ കളക്ടർ നവജ്യോത് ഖോസ സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൊവിഡ് പ്രതിരോധത്തിന് കർശന നടപടികൾ ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു. നിയന്ത്രണം വിലയിരുത്താനായി ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയുടെ യോഗം ഉടൻ വിളിക്കും. നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളോട് മത്സ്യത്തൊഴിലാളികളും വാങ്ങാനെത്തുന്നവരും സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. മത്സ്യത്തൊഴിലാളികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും കളക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വി.ആർ. വിനോദ്, ഡി.സി.പി കറുപ്പുസാമി എന്നിവർ ഒപ്പമുണ്ടായിരുന്നു.
നിർദ്ദേശങ്ങൾ
-----------------------------------------------
പരിശോധനയ്‌ക്കായി കൂടുതൽ ആരോഗ്യ
പ്രവർത്തകരെ തുറമുഖത്ത് നിയോഗിക്കും
തുണികൊണ്ടുള്ള മാസ്‌കുകൾ സൗജന്യമായി നൽകും
കൈ കഴുകുന്നതിനുള്ള വാഷ് ബേസിനും
ശുചീകരണ വസ്‌തുക്കളും ഉറപ്പുവരുത്തും
തെർമൽ സ്‌കാനിംഗ് പരിശോധന ശക്തമാക്കും
അറിയിപ്പുകൾ നൽകിക്കൊണ്ടുള്ള ബോർഡുകൾ,
അനൗൺസ്‌മെന്റുകൾ എന്നിവ ഏർപ്പെടുത്തും.
സാമൂഹിക അകലം നിർബന്ധമായും
പാലിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കും
മത്സ്യവില്പന നടക്കുന്ന സ്ഥലങ്ങളിൽ അകലം പാലിച്ച്
നിൽക്കുന്നതിനുള്ള നിബന്ധനകൾ ഏർപ്പെടുത്തും
മത്സ്യ വിപണന കൗണ്ടറുകളുടെ എണ്ണം കൂട്ടും