sss

നെയ്യാറ്റിൻകര: ചെയർപേഴ്സൺ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നെയ്യാറ്റിൻകര നഗരസഭയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ലാത്തിച്ചാർജ് നടത്തിയശേഷം സമരക്കാരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. സംഘർഷത്തിൽ പരിക്കേറ്റ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ഉപനേതാവ് ഗ്രാമം പ്രവീൺ എന്നിവരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലാണ് സംഘർഷം. നഗരസഭയുടെ അഴിമതി വിജിലൻസ് ശരിവച്ചെന്നും സർക്കാർ ഭരണസമിതിയെ പിരിച്ചുവിടണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പുന്നക്കാട് വാർഡിലെ പൊതുമരാമത്ത് റോഡ് നഗരസഭാ തനതുഫണ്ട് ഉപയോഗിച്ച് ഇന്റർലോക്ക് ചെയ്‌ത നടപടി ക്രമവിരുദ്ധമെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഴിമതി ആരോപണം നേരിടുന്ന പുന്നക്കാട് വാർഡിലെ കോൺഗ്രസ് കൗൺസിലറും സമരത്തിൽ പങ്കെടുത്തു. അതേസമയം വാർഡിലെ അഴിമതിക്കെതിരെയാണ് വിജിലൻസിൽ പരാതി നൽകിയതെന്നും മറ്റ് ആരോപണങ്ങൾ താൻ ഉന്നയിച്ചിട്ടില്ലെന്നും സി.പി.എം പെരുമ്പഴുതൂർ എൽ.സി സെക്രട്ടറി കെ. ശശിധരൻ പറഞ്ഞു.