സെക്രട്ടറിയെ വാഹനത്തിൽ തടഞ്ഞുവച്ചു
നെടുമങ്ങാട്: നഗരസഭ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ധർണയ്‌ക്കിടെ മുനിസിപ്പൽ സെക്രട്ടറിയെ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഔദ്യോഗിക ആവശ്യങ്ങൾക്ക് പുറത്തിറങ്ങിയ സെക്രട്ടറിയെ വാഹനത്തിൽ തടഞ്ഞെന്നാണ് പരാതി. ഭവന നിർമ്മാണ പദ്ധതിയിൽ പണി പൂർത്തിയാക്കിയ വീടുകൾക്ക് നൽകാനുള്ള അവസാന ഗഡു തുക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന ധർണയാണ് സംഘർഷത്തിൽ കലാശിച്ചത്. ഭരണപക്ഷ കൗൺസിലർമാരും സി.പി.എം പ്രവർത്തകരും തടിച്ചുകൂടി. ഉന്തുംതള്ളും തുടങ്ങിയതോടെ പൊലീസ് സമരക്കാരെ അറസ്റ്റുചെയ്‌ത് നീക്കി. ധർണയിൽ പങ്കെടുത്ത ചിലരും നഗരസഭ സെക്രട്ടറി എസ്. നാരായണനും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിനിടയാക്കിയത്. കോൺഗ്രസുകാർ തന്നെ കൈയേറ്റം ചെയ്‌തെന്ന് നഗരസഭ സെക്രട്ടറിയും വനിതാ കൗൺസിലർമാരെ സെക്രട്ടറി അസഭ്യം പറഞ്ഞെന്ന് സമരക്കാരും ആരോപിച്ചു. വനിതാ കൗൺസിലർമാർ ഇക്കാര്യം ഉന്നയിച്ച് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്. അരുൺകുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്‌തു. അഡ്വ.എൻ. ബാജി, നെട്ടിറച്ചിറ ജയൻ, ടി. അർജുനൻ, കെ.ജെ. ബിനു, വട്ടപ്പാറ ചന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിക്കെതിരെ കേസെടുക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇരുവിഭാഗങ്ങളുടെയും പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സി.ഐ രാജേഷ്‌കുമാർ പറഞ്ഞു.
അപകീർത്തിപ്പെടുത്താൻ ശ്രമം:
ചെറ്റച്ചൽ സഹദേവൻ
പി.എം.എ.വൈ, ലൈഫ് മിഷൻ പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച 1515 വീടുകളുടെ ഉടമകൾക്ക് കൊവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഓരോ ലക്ഷം രൂപ വീതം അധികമായി നൽകാനുള്ള നഗരസഭാ തീരുമാനം തങ്ങളുടെ സമരനേട്ടമായി വരുത്തിത്തീർക്കാനുള്ള കോൺഗ്രസ് കൗൺസിലർമാരുടെ ശ്രമം പൊളിഞ്ഞതായി നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പറഞ്ഞു. കെട്ടിട നമ്പർ ലഭിച്ച 885 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിരിക്കെയാണ് അനാവശ്യസമരം. സംസ്ഥാനത്ത് 1500 വീടുകൾ പൂർത്തീകരിച്ചതിൽ പുരസ്കാരം നേടിയ നഗരസഭയെ അപകീർത്തിപ്പെടുത്താനാണ് സെക്രട്ടറിയെ തടഞ്ഞതെന്നും ചെയർമാൻ ആരോപിച്ചു.