venjaramoodu

വെഞ്ഞാറമൂട്: സംസ്ഥാന പാത കടന്നുപോകുന്ന കാരേറ്റ് നിന്ന് തുടങ്ങി കല്ലറ, ഭരതന്നൂർ, പാലോട് എത്തിച്ചേരുന്ന റോഡിന്റെ നവീകരണത്തിനായി കോടികൾ ചെലവാക്കിയിട്ടും കാരേറ്റ് പാലോട് റോഡ് ഇന്നും ശാപ മോക്ഷം കാത്തുകിടക്കുന്നു.

2018 ൽ കിഫ്ബിയിൽ നിന്ന് 24 കോടി രൂപ അനുവദിച്ച് എഗ്രിമെന്റ് ചെയ്ത് ആരംഭിച്ച ജോലികൾ കരാർ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ നിർമ്മാണ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. കാരേറ്റ് നിന്നു കല്ലറയിലേക്കുള്ള ഒരു കിലോമീറ്റർ ദൂരവും ഭരതന്നൂർ പാലോട് റോഡിലെ രണ്ട് കിലോമീറ്റർ ദൂരവും ഇനിയും പൂർത്തിയാക്കാനുണ്ട്. ഇവിടെ പല സ്ഥലങ്ങളിലും ടാറിംഗ് വെട്ടിപൊളിച്ചിട്ടിരിക്കുന്നത് കാരണം ഇതുവഴി വാഹനങ്ങളിൽ പോകുന്നവരും കാൽനട യാത്രക്കാരും അപകടകരമായ രീതിയിലാണ് യാത്ര ചെയ്യുന്നത്.

കാരേറ്റ് ജംഗ്ഷനിൽ നിന്നും കല്ലറയിലേക്ക് തിരിയുന്ന റോഡ് വളരെ ഇടുങ്ങിയതും അപകടകരമായ വളവുകൾ നിറഞ്ഞതുമാണ്. ശാസ്ത്രീയമായ രീതിയിൽ പുനർ സർവേ നടത്തി കെെയേറ്റം ഒഴിപ്പിച്ച് റോഡ് എത്രയും പെട്ടെന്ന് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അശാസ്ത്രീയമായ രീതിയിലുള്ള ഓട നിർമ്മാണം മൂലം മലിന ജലം സംസ്ഥാന പാതയിലേക്ക് ഒഴുകിയിറങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വെെദ്യുത പോസ്റ്റുകളും പെെപ്പ് ലെെനുകളും മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കണമെങ്കിൽ പുനർ സർവേ നടത്തി റോഡിലേക്കിറങ്ങിയുള്ള കെെയേറ്റങ്ങൾ ഒഴിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും നാട്ടുകാർ പറയുന്നു.