online-cheating

അഞ്ചാലുംമൂട്: ഓൺലൈൻ വ്യാപാര വെബ്സൈറ്റിൽ നിന്ന് സമ്മാനം ലഭിച്ചെന്ന സന്ദേശം ലഭിച്ചതിന് പിന്നാലെ ഒരുലക്ഷം രൂപ നഷ്ടമായ യുവതി പൊലീസിൽ പരാതി നൽകി. തൃക്കടവൂർ, കുരീപ്പുഴ സ്വദേശിനിയായ ഡയാന ജോമിലിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്. ഓൺലൈൻ വ്യാപാര വെബ്‌സൈറ്റായ സ്നാപ് ഡീലിൽ നിന്ന് യുവതി തുടർച്ചയായി സാധനങ്ങൾ വാങ്ങിയിരുന്നു. സ്നാപ് ഡീലിന്റെ ഭാഗമായ സ്പിൻ ഫെസ്റ്റിൽ സമ്മാനം ലഭിച്ചതായി സന്ദേശം ലഭിക്കുകയും അതിനായി നിശ്ചിത തുക തങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസങ്ങൾക്ക് ശേഷം പ്രോസസിംഗ് ചാർജിനത്തിലും പിന്നീട് നികുതിയായും പണം തട്ടിയെടുത്തു. മൂന്ന് തവണയായി തട്ടിപ്പ് സംഘം ആവശ്യപ്പെട്ട ഒരുലക്ഷം രൂപയാണ് യുവതിക്ക് നഷ്ടമായത്. ജൂൺ ആദ്യവാരം മുതലാണ് യുവതിയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട് തുടങ്ങിയത്. പണം നഷ്ടപ്പെട്ട ശേഷം സ്ഥാപനത്തെപ്പറ്റി മറ്റ് വിവരങ്ങൾ ലഭ്യമാകാതിരുന്നതിനെ തുടർന്നാണ് അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയത്.