ബാലരാമപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാലരാമപുരം പൊതുമാർക്കറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ മത്സ്യക്കച്ചവടം ഹൗസിംഗ് ബോർഡ് ജംഗ്ഷനിലാക്കിയത് നാട്ടുകാരെ ദുരിതത്തിലാക്കി. ഈ ഭാഗത്ത് ഓടയില്ലാത്തതുകാരണം മലിനജലം കെട്ടിനിന്ന് അസഹ്യമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. വഴിയാത്രക്കാർക്ക് പോലും ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. കൂടാതെ പകർച്ചവ്യാധികൾ പിടിപെടുമോയെന്ന ആശങ്കയുമുണ്ട് നാട്ടുകാർക്ക്. ഇക്കഴിഞ്ഞ മാർച്ച് മുതലാണ് പൊതുമാർക്കറ്റിലെ മത്സ്യവില്പന ഹൗസിംഗ് ബോർഡ് ബിൽഡിംഗിന് സമീപത്തേക്ക് മാറ്റിയത്. പൊലീസ് നിയന്ത്രണത്തിൽ സാമൂഹിക അകലം പാലിച്ചാണ് ഒരു മാസത്തോളം വില്പന നടന്നിരുന്നത്. എന്നാൽ പിന്നീടത് നിലച്ചു. കഴിഞ്ഞ കുറേ ആഴ്ചകളായി മത്സ്യവേസ്റ്റുകൾ കൂമ്പാരമായതോടെയാണ് പ്രതിഷേധം ശക്തമായത്. പഞ്ചായത്ത് സെക്രട്ടറിയേയും പ്രസിഡന്റിനേയും വിവരം പല തവണ അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിയുണ്ട്. വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങുന്നവരും മറ്റും സാമൂഹിക അകലം പാലിക്കാതെ മീൻ വാങ്ങാൻ തിക്കും തിരക്കും കൂട്ടുന്നത് കൊവിഡ് വെല്ലുവിളി ഉയർത്തുന്നുണ്ട്. വേണ്ടത്ര സൗകര്യങ്ങളോടെ ബദൽ സംവിധാനങ്ങളൊരുക്കാതെ പൊതുമാർക്കറ്റ് അടച്ചുപൂട്ടിയതിനാലാണ് പ്രശ്നം രൂക്ഷമായത്. കാലാവധി കഴിഞ്ഞിട്ടും പുനർലേലം ഇതുവരെയും നടന്നിട്ടില്ല. ശുചിത്വമാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെ വില്പന പാടില്ലെന്ന നിലപാടിലാണ് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനും.
പൊലീസിന് കത്ത് നൽകി
ഹൗസിംഗ് ബോർഡിന് മുന്നിലെ മത്സ്യക്കച്ചവടം സാമൂഹിക അകലം പാലിച്ചും ജനത്തിരക്ക് ഒഴിവാക്കിയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ബാലരാമപുരം പൊലീസിന് കത്ത് നൽകിയിട്ടുണ്ടെന്ന് ബാലരാമപുരം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവാത്തതാണ് പ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്. കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ പഞ്ചായത്തിന് നിയമപരമായ പരിമിതികളുണ്ട്. മത്സ്യക്കച്ചവടത്തിനെതിരെയുള്ള പരാതികൾ സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സെക്രട്ടറി പറഞ്ഞു.