തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള നന്ദാവനത്തെ ചാറാച്ചിറ കുളം നവീകരണത്തിന്റെ മറവിൽ കെെയേറുന്നതായി ആക്ഷേപം. ഒരുവർഷം മുൻപ് ചിറ വറ്റിച്ച് റോഡിനോട് ചേർന്നുള്ള കുളത്തിന്റെ വലിയൊരു ഭാഗം മണ്ണിട്ട് നികത്തി, ഇവിടെ കരിങ്കൽ പാകി കോൺക്രീറ്റ് ചെയ്‌ത് നടപ്പാത അടക്കമുള്ളവ നിർമ്മിക്കുകയാണെന്നും ചിറയുടെ ഭൂമി ഇതിന്റെ മറവിൽ വ്യാപകമായി കൈയേറുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു. രണ്ടര ഏക്കറായിരുന്ന ചിറയുടെ വലിപ്പം രണ്ടേക്കറിൽ താഴെയാണെന്നാണ് പറയുന്നത്. ചിറ വറ്റിച്ച ശേഷം പോളകൾ കൊണ്ടിട്ടതിന് പിന്നാലെ കുളം നിറയെ പായലും കുളവാഴയും നിറഞ്ഞു. കുളം അലക്കാനും കുളിക്കാനുമായി നേരത്തെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആക്കുളം കായലിന് സമാനമായി കുളവാഴ മാത്രമേ ഉള്ളൂവെന്നും നാട്ടുകാർ പറഞ്ഞു. ലോക്ക് ഡൗണിൽ നിറുത്തിവച്ചിരുന്ന പണികൾ വീണ്ടും ആരംഭിച്ചെന്നും ചിറയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികളെക്കുറിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ആർക്കും കിട്ടുന്നില്ല.
പ്ലാനിംഗ് ഫണ്ടിൽ നിന്ന് അനുവദിച്ചെന്ന്
അതേസമയം ചിറയുടെ ഭൂമിയിൽ കൈയേറ്റമുണ്ടെന്ന ആക്ഷേപം നഗരസഭാ അധികൃതർ നിഷേധിച്ചു. മൂന്നുവർഷമായി കുളം നവീകരിക്കുന്ന ജോലികൾ നടന്നുവരികയാണ്. ചുറ്റും നടപ്പാത കെട്ടി, കുളം വൃത്തിയാക്കി പെഡൽ ബോട്ടിംഗ് നടത്താനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി മൂന്നേകാൽ കോടി രൂപ പ്ലാനിംഗ് ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ലോക്ക് ഡൗണും മഴയുമായതോടെ ജോലികൾ നീണ്ടുപോകുകയാണ്. ഇപ്പോൾ ചിറയുടെ ഒരു ഭാഗത്തെ നടപ്പാതയുടെ പണിയും ഇതിനോട് ചേർന്നുള്ള ഡ്രെയിനേജിന്റെ പണികളും പൂർത്തിയാക്കിയതായി നഗരസഭ വ്യക്തമാക്കി.
ചിറയുടെ വിസ്‌തൃതി 2.5 ഏക്കർ (മുൻപ്)
ഇപ്പോൾ 2 ഏക്കറിൽ താഴെ
ചിറ നികത്തി റോഡ് നിർമ്മാണം
പ്രധാനറോഡ് 12 മീറ്ററോളം വികസിപ്പിക്കുന്ന ജോലികളും ഇതിനോടൊപ്പം നടക്കുന്നുണ്ട്.
ഇതാണ് ചിറയുടെ വലിപ്പം കുറയ്ക്കുന്നത്.
ഇൗ ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊണ്ടാണ് നിർമ്മാണം.
കുളം കെെയേറി നിർമ്മാണങ്ങൾ നടത്തിയ ഭാഗം താലൂക്ക് സർവേയർ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. നഗരസഭ കളക്ടറേറ്റിൽ നൽകിയ പരാതിക്ക് പിന്നാലെയായിരുന്നു ഇത്. പരാതി ഉള്ളവർക്ക് അത് ബോധിപ്പിക്കാൻ സമയം നൽകിയിരുന്നെങ്കിലും ഒരു വീട്ടുകാർ മാത്രമാണ് വിശദീകരണം നൽകിയത്. നിലവിലെ നിർമ്മാണ ജോലികൾ അഞ്ചുമാസം കൊണ്ട് പൂർത്തിയാകും. ചിറയോട് ചേർന്ന് താമസിക്കുന്ന മൂന്നു കുടുംബങ്ങൾക്ക് ഇതിന് അടുത്ത പ്രദേശത്ത് തന്നെ വീട് നിർമ്മിച്ചു നൽകും. മറ്റ് കെെയേറ്റങ്ങളുടെ കാര്യത്തിൽ വഴിയേ തീരുമാനമെടുക്കും.
-പാളയം രാജൻ, വാർഡ് കൗൺസിലർ, നഗരാസൂത്രണകാര്യ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ