നെടുമങ്ങാട്: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തെങ്ങ് കടപുഴകി. യാത്രക്കാരായ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പേരൂർക്കട- നെടുമങ്ങാട് റോഡിൽ അഴിക്കോട് മരുതിനകം ജംഗ്‌ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. നെടുമങ്ങാട് സ്വദേശികളായ ദമ്പതികൾ പേരൂർക്കട ഭാഗത്തേക്ക് പോകവേ, റോഡരിൽ നിന്ന തെങ്ങ് കടപുഴകി കാറിന്റെ ബോണറ്റിൽ പതിക്കുകയായിരുന്നു. ബോണറ്റിന്റെ ഒരുഭാഗവും മുൻവശത്തെ ചില്ലും തകർന്നു. പരിഭ്രാന്തരായി കാറിൽ കുടുങ്ങിയ ദമ്പതികളെ കച്ചവടക്കാരും സമീപവാസികളും എത്തിയാണ് പുറത്തെടുത്തത്. രണ്ടുപേർക്കും പരിക്കില്ല. ഏറെനേരം ഗതാഗത തടസമുണ്ടായി. നെടുമങ്ങാട് ഫയർ സ്റ്റേഷൻ ഓഫീസർ വിൻസന്റിന്റെയും എസ്.എസ്.ആർ സുലൈമാന്റെയും നേതൃത്വത്തിൽ തെങ്ങും കാറും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.