തിരുവനന്തപുരം: പ്രവാസി വിഷയത്തിൽ ഏകദിന ഉപവാസം നടത്താൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമരപ്പന്തൽ കെട്ടാൻ അനുമതി നൽകാതിരിക്കാനുള്ള പൊലീസിന്റെ ശ്രമം പ്രതിഷേധത്തെ തുടർന്ന് പരാജയപ്പെട്ടു. അനുവാദം ലഭിക്കാൻ താമസിച്ചതിനാൽ താത്കാലിക പന്തൽ തയ്യാറാക്കിയാണ് ചെന്നിത്തല ഉപവാസം നടത്തിയത്.
ഇന്നലെ നടന്ന ഉപവാസത്തിനായി വ്യാഴാഴ്‌ച രാത്രിയിൽ പന്തൽകെട്ടാനായിരുന്നു തീരുമാനമെങ്കിലും ഷഹീൻ ബാഗ് സമരം ചൂണ്ടിക്കാട്ടി ഡി.സി.സി നൽകിയ അപേക്ഷ പൊലീസ് നിരസിച്ചു. രാത്രിയിൽ കൊടികെട്ടാൻ വന്നവരെയും പൊലീസ് തടഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമുണ്ടായതിനെ തുടർന്നാണ് അനുമതി നൽകിയത്.
പെട്രോൾ വില വർദ്ധനയ്‌ക്കെതിരെ സി.പി.എം നടത്തിയ സമരം രക്തസാക്ഷിമണ്ഡപത്തിൽ പന്തൽ കെട്ടിയായിരുന്നെന്നും പ്രതിപക്ഷസമരത്തിനെതിരെ നിഷേധാത്മക നിലപാടു സ്വീകരിക്കുന്നതിലൂടെ തങ്ങളെ തളർത്താനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.