നെടുമങ്ങാട് : ക്വാറന്റൈൻ കേന്ദ്രത്തിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെ പനവൂരിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ സജ്ജമാക്കിയിട്ടുള്ള ക്വാറന്റൈൻ സെന്ററിലാണ് സംഭവം. കെട്ടിടത്തിന്റെ നാലാം നിലയുടെ പാരപ്പറ്റിൽ കയറിക്കൂടിയ പാങ്ങോട് മൈലമൂട് അജന ഹൗസിൽ ദീപു (43) ആണ് നാടകീയ രംഗങ്ങൾക്ക് വഴിയൊരുക്കിയത്. ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും ജനപ്രതിനിധികളുടെയും അനുനയം ഫലപ്പെട്ടില്ല. ഒരു മണിക്കൂറോളം ഭീഷണി മുഴക്കിയ ഇയാളെ നെടുമങ്ങാട് ഫയർ സ്റ്റേഷൻ ഓഫീസർ വിൻസന്റിന്റെ നേതൃത്വത്തിൽ വല വിരിച്ച് രക്ഷിക്കാനുള്ള മുന്നൊരുക്കം നടത്തി. തന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ചില രേഖകളും പണവും എടുത്തു തന്നാൽ ആത്മഹത്യയിൽ നിന്ന് പിന്തിരിയാമെന്ന യുവാവിന്റെ നിർദ്ദേശം വന്നതോടെ ഫയർഫോഴ്‌സ് അംഗങ്ങൾ അത് അംഗീകരിക്കുകയായിരുന്നു. ഇതോടെ ശാന്തനായ ദീപു ക്വാറന്റൈനിൽ തുടരാമെന്ന് സമ്മതിക്കുകയായിരുന്നു. സമ്പർക്ക രോഗ സാദ്ധ്യത കണക്കിലെടുത്ത് രണ്ടു ദിവസം മുമ്പാണ് അവിവാഹിതനായ ഇയാളെ ഇവിടെ പ്രവേശിപ്പിച്ചത്.