തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയ്ക്ക് ഇഷ്ടക്കേട് തോന്നിയതിന്റെ പേരിൽ ജനറൽ ആശുപത്രിയിൽ നിന്നു അകാരണമായി മാറ്റിയ വനിതാ മൈക്രോബയോളജിസ്റ്റിനെ കൊവിഡ് പ്രതിരോധത്തിന്റെ സുപ്രധാന ഘടകത്തിൽ ഉൾപ്പെടുത്തി. ഡോക്ടറെ ജില്ലാ സർവൈലൻസ് ടീമിൽ ഉൾപ്പെടുത്തിയുള്ള ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. വിഷയം വിവാദമായതോടെ കെ.ജി.എം.ഒ.എ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ ജോലിനോക്കിയിരുന്ന മൈക്രോ ബയോളജിസ്റ്റിനെ ചൊവ്വാഴ്ചയാണ് ചുമതലയിൽ നിന്ന് മാറ്റി നേമം താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ചത്. കഴിഞ്ഞ ആഴ്‌ച കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയ്ക്ക് കൊവിഡ് പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട കലഹമാണ് സ്ഥലം മാറ്റത്തിൽ കലാശിച്ചത്. തിരക്കുള്ളതിനാൽ കൊവിഡ് പരിശോധന നടത്തുന്നതിൽ താമസം ഉണ്ടാകുമെന്ന് അറിയിച്ചതാണ് പേഴ്സണൽ സ്റ്റാഫ് അംഗത്തെ പ്രകോപിച്ചത്. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ ചില യൂണിയൻ നേതാക്കൾ ഇടപെട്ടാണ് മൈക്രോബയോളജിസ്റ്റിനെ തുരത്തിയതെന്നാണ് വിവരം.

മൈക്രോബയോളജിസ്റ്റ് താരതമ്യേന ജൂനിയർ ഡോക്ടറാണെങ്കിലും പ്രവർത്തനമികവ് കണക്കിലെടുത്താണ് മൈക്രോബയോളജി ലാബിന്റെ ചുമതല ഏൽപ്പിച്ചത്. കൊവിഡ് കാലമായതോടെ സ്രവപരിശോധനയുടെ ചുമതലയും ഇവർക്ക് നൽകി. മൈക്രോബയോളജിസ്റ്റിനെ ജില്ലാ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിനും കൊവിഡ് പരിശോധയ്ക്കും ചുമതലയുള്ള ഡോക്ടറെ നിയമിച്ചിട്ടില്ല.

'മൈക്രോബയോജിസ്റ്റിന്റെ ആത്മാർത്ഥതയുടെയും അർപ്പണ ബോധത്തിന്റെയും അംഗീകാരമാണ് പുതിയ ചുമതല. ആരോഗ്യവകുപ്പിന്റെ തീരുമാനം സ്വാഗതാർഹം.'

- കെ.ജി.എം.ഒ.എ