123

തിരുവനന്തപുരം: ശ്രീകാര്യം ഫ്ളൈഓവറിനുവേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കിഫ്ബി ഡി.എം.ഡി വിക്രംജിത്ത് സിംഗ് കെ.ആർ.ടി.എൽ ചീഫ് ജനറൽ മാനേജർ ആനന്ദ് ഇളമണിന് കൈമാറി. ആദ്യ ഗഡുവായ 35 കോടി രൂപയാണ് കിഫ്ബി കൈമാറിയത്. ഈ തുക ഫ്ളൈഓവറിനുവേണ്ടി സ്ഥലം വിട്ടുനൽകിയവർക്ക് വിതരണം ചെയ്യാൻ ജില്ലാഭരണകൂടത്തിന് കൈമാറും. നാലുവരി ഫ്ളൈഓവറാണ് ശ്രീകാര്യത്ത് നിർമ്മിക്കുക. ഇരുവശത്തും 7.5 മീറ്റർ വീതം ആകെ 15 മീറ്ററാണ് വീതി. ഇരുവശങ്ങളിലുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകൾ ഉണ്ടാകും. 535 മീറ്ററാണ് ഫ്ലൈഓവറിന്റെ ആകെ നീളം. 135.37 കോടി രൂപ ചെലവുള്ള പദ്ധതിക്കായി 1.34 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം നഗരത്തെ കഴക്കൂട്ടവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ ശ്രീകാര്യം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.