obit

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവും പുന്നപ്ര വയലാർ സമര സേനാനിയുമായ വി.കെ ഭാസ്‌ക്കരൻ (97) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു.ഇന്നലെ പൂജപ്പുരയിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം.സംസ്‌ക്കാരം രാത്രി ശാന്തികവാടത്തിൽ നടത്തി.

പരേതയായ സരോജിനിയാണ് ഭാര്യ. മക്കൾ: കവിതാമണി (റിട്ട.ഉദ്യോഗസ്ഥ, സെക്രട്ടേറിയറ്റ്), റഹിം (റിട്ട. കെ.എസ്.ആർ.ടി.സി), ദിലീപ് (കമ്പ്യൂട്ടർ എൻജിനീയർ), ഡോ. പ്രമീളാ ദേവി (ഇന്ത്യൻ മെഡി.അസോ.കേരള ഘടകം മുൻപ്രസിഡന്റ്), ലീലാമണി (വാട്ടർ അതോറിട്ടി). മരുമക്കൾ: കെ.സുരേന്ദ്രൻ (എം എൻ സ്മാരകം), ശോഭ, ഡോ. എ നളിനാക്ഷൻ (മുൻ പി.വി.സി, ആരോഗ്യസർവകലാശാല), ഡോ. ഗീത (എസ്.എ.ടി), രാജീവ് (വാട്ടർ അതോറിട്ടി).

ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, ട്രാവൻകൂർ കയർ വർക്കേഴ്‌സ് യൂണിയൻ ഭാരവാഹി, സി.പി.ഐ സെൽ സെക്രട്ടറി, ആലപ്പുഴയിലും തിരുവനന്തപുരത്തും താലൂക്ക് സെക്രട്ടറി, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, തിരു-കൊച്ചി, കേരള സംസ്ഥാന കൗൺസിൽ അംഗം, നവയുഗം മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ടും കയർത്തൊഴിലാളി സമരത്തിന്റെ പേരിലും വർഷങ്ങളോളം തടവുശിക്ഷ അനുഭവിച്ചു. പത്തു വർഷത്തോളം ഒളിവിലും താമസിച്ചു.ആലപ്പുഴ കളർകോട് വെളിയിൽ കുടുംബാംഗമായ ഭാസ്‌ക്കരൻ, ജയിൽ മോചിതനായശേഷം പാർട്ടി നിർദ്ദേശാനുസരണം തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി ജി. ആർ. അനിൽ, ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.