dhoni
dhoni

ന്യൂഡൽഹി : ലോക്ക് ഡൗണിന് ശേഷം ബി.സി.സി.ഐ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് തുടങ്ങുമ്പോൾ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിക്ക് അതിൽ സ്ഥാനമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ.

ജൂലായ് മൂന്നാംവാരം ക്യാമ്പ് തുടങ്ങാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. ബി.സി.സി. ഐയുമായി സെൻട്രൽ കോൺട്രാക്ട് ഉള്ള കളിക്കാരെയാണ് കരാറിൽ ഉൾപ്പെടുത്തുന്നത്. അടുത്തിടെ ധോണിയെ കരാറിൽനിന്ന് ഒഴിവാക്കിയിരുന്നു. 2019 ലോകകപ്പ് സെമിഫൈനലിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിരുന്നില്ല.

വരുന്ന ഒക്ടോബറിൽ ട്വന്റി 20 ലോകകപ്പ് നടക്കുമെങ്കിൽ ധോണിക്കും ക്യാമ്പിൽ സ്ഥാനമുണ്ടാകുമെന്നാണ് മുൻ ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദിന്റെ അഭിപ്രായം. ഉഭയകക്ഷി പരമ്പരകളാണ് വരാനിരിക്കുന്നതെങ്കിൽ ധോണിയെ പരിഗണിച്ചേക്കില്ല എന്നും അദ്ദേഹം സൂചന നൽകുന്നു. അങ്ങനെയെങ്കിൽ ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവർക്കായിരിക്കും സാദ്ധ്യത.

അതേസമയം ധോണിക്ക് കളിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ലോകകപ്പിൽ മാത്രമല്ല എല്ലാ മത്സരങ്ങളിലും അദ്ദേഹത്തിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ ആവശ്യപ്പെട്ടു. ധോണിയുമായി ക്യാമ്പിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് സെലക്ടർമാർ സംസാരിക്കണമെന്ന് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്തയും ആവശ്യപ്പെട്ടു.

അതേസമയം മാർച്ച് ആദ്യവാരം ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലന ക്യാമ്പ് നിറുത്തിവച്ചതിനുശേഷം റാഞ്ചിയിലെ വീട്ടിലാണ് ധോണി.