ക്രിക്കറ്റ് ബാറ്റ്‌സ്‌മാൻമാരുടെയും ബൗളർമാരുടെയും മാത്രം കളിയല്ല. ജോണ്ടിറോഡ്സിനെയും മുഹമ്മദ് കൈഫിനെയുമൊക്കെപ്പോലെ മികച്ച ഫീൽഡിംഗ് കൊണ്ടുമാത്രം വാഴ്ത്തപ്പെട്ട നിരവധി കളിക്കാരുണ്ട്. ക്യാച്ചസ് വിൻസ് മാച്ചസ് എന്നൊരു ചൊല്ലും ക്രിക്കറ്റിലുണ്ട്. 2008 മുതൽ കഴിഞ്ഞവർഷം വരെ നടന്ന ഐ.പി.എൽ ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുത്ത കളിക്കാരെപ്പറ്റി (വിക്കറ്റ് കീപ്പർമാർ എടുത്ത ക്യാച്ചുകൾ പരിഗണിച്ചിട്ടില്ല).
74
ക്യാച്ചുകൾ എടുത്ത ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡ്വെയ്‌ൻ ബ്രാവോയ്ക്കാണ് പട്ടികയിൽ അഞ്ചാം സ്ഥാനം. 134 മത്സരങ്ങളിൽ നിന്നാണ് ബ്രാവോ ഇത്രയും ക്യാച്ചുകൾ കൈപ്പിടിയിലൊതുക്കിയത്. 36 വയസായെങ്കിലും ഫീൽഡിംഗിൽ പുലിയാണ് ഡ്വെയ്ൻ ബ്രാവോ.
82
കെയ്റോൺ പൊള്ളാഡ്
ബാറ്റിംഗിിലും ബൗളിംഗിലും മാത്രമല്ല ഫീൽഡിംഗിലും മുംബയ് ഇന്ത്യൻസ് താരം കെയ്റോൺ പൊള്ളാഡ് സൂപ്പറാണ് . 148 മത്സരങ്ങളിൽനിന്നാണ് പൊള്ളാഡ് 82 പേരെ പിടികൂടിയത്. 100 കിലോഭാരമുണ്ടെങ്കിലും പൊള്ളാഡ് പറന്നുചാടി ക്യാച്ചെടുക്കുന്നതിൽ വിരുതനാണ്.
83
രോഹിത് ശർമ്മ
ഡൈവിംഗ് ഫീൽഡിംഗിൽ രോഹിത് അത്ര മികവ് കാട്ടാറില്ല. എന്നാൽ ക്യാച്ചെടുക്കുമ്പോൾ ഇൗ മുംബയ് ഇന്ത്യൻസ് നായകന്റെ കൈകൾ ചോരാറുമില്ല. ഐ.പി.എൽ ചരിത്രത്തിലെ മൂന്നാമത്തെ റൺവേട്ടക്കാരനായ രോഹിത് 188 മത്സരങ്ങളിൽ നിന്നാണ് 83 പേരെ പിടികൂടിയത്.
84
എ.ബി.ഡിവില്ലിയേഴ്സ്
പറന്നുയർന്ന് ഒറ്റക്കൈ കൊണ്ടുപോലും ക്യാച്ചെടുക്കുന്നതിൽ കേമനാണ് ദക്ഷിണാഫ്രിക്കക്കാരനായ എ.ബി. ഡിവില്ലിയേഴ്സ്. ഐ.പി.എല്ലിൽ ഒാർമ്മയിൽനിന്ന് മായാത്ത നിരവധി ഡൈവിംഗ് ക്യാച്ചുകൾ ഡിവില്ലിയേഴ്സ് എടുത്തിട്ടുണ്ട്. ഡൽഹി ഡെയർ ഡെവിൾസ്, ബാംഗ്ളൂർ റോയൽ, ചലഞ്ചേഴ്സ് ടീമുകൾക്കായി 154 മത്സരങ്ങളിൽ നിന്നാണ് 84 ക്യാച്ചുകൾ എടുത്തത്.
102
സുരേഷ് റെയ്‌ന
ഇന്ത്യയുടെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് റെയ്‌ന. ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ലയൺസ് ടീമുകളിൽ കളിച്ചിട്ടുള്ള റെയ്‌ന 193 മത്സരങ്ങളിൽനിന്നാണ് ക്യാച്ചിംഗ് സെഞ്ച്വറിയും കടന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയിട്ടുള്ള റെയ്‌ന ഐ.പി.എൽ ക്യാച്ചുകളുടെ എണ്ണത്തിലും നൂറ് കടന്ന് ഏക ഫീൽഡറാണ്. ഐ.പി.എല്ലിൽ റൺവേട്ടയിൽ രണ്ടാംസ്ഥാനത്താണ് റെയ്‌ന.