kuppi

വർക്കല: സ്വത്ത് തട്ടിയെടുക്കാൻ ഗൃഹനാഥനെ കള്ളക്കേസിൽ കുടുക്കുന്നതിനായി വീട്ടിൽ വ്യാജമദ്യം ഒളിപ്പിച്ചുവച്ച കേസിൽ ഭാര്യയും മകനും പിടിയിലായി. ചാവർകോട് മലവിള സജിന വീട്ടിൽ പ്രസന്ന (70), മകൻ സജിൻ (34) എന്നിവരാണ് അറസ്റ്റിലായത്. വർക്കല അയിരൂർ ചാവർക്കോട് മലവിള സജിന വീട്ടിൽ വിജയനെ (72 ) കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണ് വർക്കല എക്സൈസ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ പൊളിച്ചത്. വിജയന്റെ പേരിലുള്ള സ്വത്തിനെച്ചൊല്ലി വർഷങ്ങളായി തർക്കം നിലവിലുണ്ട്. ഇതിന്റെ വൈരാഗ്യത്തിൽ ഭാര്യ പ്രസന്നയും മകൻ സജിനും വിജയനെ കള്ളക്കേസിൽ കുടുക്കാൻ അഞ്ച് ലിറ്റർ വാറ്റുചാരായവും നാലു ലിറ്റർ വിദേശ മദ്യവും മിനറൽ വാട്ടറിന്റെ കുപ്പികളാക്കി വീടിനു പിറകിലുള്ള തെഴുത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇതിനുശേഷം മകൻ സജിൻ എക്സൈസിൽ വിവരമറിയിച്ചു. ഇതിനിടെ വിദേശത്തുള്ള ഒരാൾ മദ്യം വച്ചിരുന്ന ഭാഗത്തെ ഫോട്ടോ പകർത്തി ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോണിലേക്കും അയച്ചുകൊടുത്തിരുന്നു. സ്ഥലത്തെത്തി മദ്യം കണ്ടെത്തിയ എക്സൈസ് വിജയനെ ചോദ്യംചെയ്‌തു. എന്നാൽ സമീപവാസികളോട് അന്വേഷിച്ചപ്പോൾ വിജയൻ ഇക്കാര്യത്തിൽ നിരപരാധിയാണെന്ന് എക്സൈസിന് ബോദ്ധ്യമായി. തുടർന്ന് ഫോട്ടോയുടെ നിജസ്ഥിതി പരിശോധിച്ചപ്പോഴാണ് കള്ളക്കള്ളി കണ്ടെത്തിയത്. പകൽ സമയത്ത് ഇത്തരത്തിൽ ഫോട്ടോയെടുക്കാൻ വീട്ടിലുള്ള ഒരാൾക്ക് മാത്രമേ കഴിയൂവെന്ന് അന്വേഷണസംഘത്തിന് മനസിലായി. വീട്ടിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രസന്നയും മകൻ സജിനും മദ്യം പിടിച്ചെടുത്ത ഭാഗത്ത് നിൽക്കുന്നതായും കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്‌തപ്പോഴാണ് വിജയനെ കള്ളക്കേസിൽ കുടുക്കാൻ ഭാര്യയും മകനും നടത്തിയ തന്ത്രങ്ങളാണെന്ന് അറിയുന്നത്. തുടർന്ന് അമ്മയെയും മകനെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അന്വേഷണ സംഘത്തിൽ പി.ഒ. ദേവലാൽ, സി.ഇ.ഒ പ്രിൻസ്, മഞ്ചുനാഥ്, മുഹമ്മദ് ഷെരീഫ്, ശ്രീജിത്ത്, മിറാൻഡ എന്നിവരുണ്ടായിരുന്നു.

തന്ത്രം മെനഞ്ഞത് അമ്മയും മകനും

വർക്കല: സാമ്പത്തിക ചുറ്റുപാടുള്ള കുടുംബമാണ് വിജയന്റേത്. ഗൾഫിൽ ഏറെനാൾ ജോലിചെയ്‌ത ഇദ്ദേഹം നാട്ടിലെത്തിയിട്ട് ഏകദേശം എട്ട് മാസത്തോളമായി. സജിൻ ഉൾപ്പെടെ മൂന്ന് മക്കളാണ് വിജയൻ - പ്രസന്ന ദമ്പതികൾക്കുള്ളത്. വിജയനും ഭാര്യയും ഒരുമകളും മരുമകനും ചാവർകോട്ടെ വീട്ടിലാണ് താമസം. ഭാര്യയുമായി പിണക്കത്തിലായിരുന്ന വിജയൻ പുറത്തുനിന്നാണ് ആഹാരം കഴിച്ചിരുന്നത്. ഒന്നര ഏക്കർ വരുന്ന വസ്‌തുവിലെ ഇരുനില കെട്ടിടത്തിലാണ് ഇവരുടെ താമസം. വിജയന്റെ പേരിലുള്ള സ്വത്തുക്കൾ കൈക്കലാക്കാൻ ഏറെനാളായി സജിനും മാതാവും ശ്രമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സ്വത്ത് തർക്കത്തെ സംബന്ധിച്ചും മറ്റും നിരവധി പരാതികൾ അയിരൂർ പൊലീസ് സ്റ്റേഷനിൽ ഭാര്യയും ഭർത്താവും നൽകിയിട്ടുണ്ട്. മദ്യപിക്കാത്ത വിജയനെ മദ്യവില്പനക്കാരന്റെ റോളിലാക്കി അകത്താക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. പേരേറ്റിൽ കൂട്ടിക്കട എന്ന സ്ഥലത്ത് താമസിക്കുന്ന മകൻ സജിൻ എവിടെ നിന്നാണ് മദ്യം ശേഖരിച്ചതെന്നും,​ ഇതിന് ഒത്താശ നൽകിയവരെക്കുറിച്ചും കണ്ടെത്താൻ അന്വേഷണം ഊർജിമാക്കിയതായി എക്സൈസ് ഇൻസ്‌പെ‌ക്ടർ മഹേഷ് പറഞ്ഞു.