കൊച്ചി : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലൈംഗിക പ്രവൃത്തികളുടെ വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച തൃശൂർ ദേശമംഗലം കൂട്ടുപാത സുരേഷ് നിവാസിൽ എൻ.കെ. സുരേഷ് (55), ചേർത്തല അർത്തുങ്കൽ പുത്തൻപുരക്കൽ വീട്ടിൽ പി.ബി. മാനുവൽ എന്ന കിരൺ (23) എന്നിവരെ സെൻട്രൽ പൊലീസ് അറസ്‌റ്റുചെയ്‌തു. പോക്‌സോ, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടുകൾ പ്രകാരമാണ് കേസ്. വീഡിയോ പോസ്‌റ്റ് ചെയ്‌തത് സുരേഷാണ്. മാനുവലാണ് ഗ്രൂപ്പ് അഡ്‌മിൻ.
പൊലീസ് പറയുന്നത്: പോൺ വീഡിയോകൾ പ്രചരിപ്പിക്കുന്ന നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ അംഗമായ സുരേഷിന്റെ നിർദേശപ്രകാരമാണ് കിരൺ ഫ്രണ്ട്‌സ് എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പ് ഒന്നരവർഷം മുമ്പ് ക്രിയേറ്റ് ചെയ്തത്. ഇരുവർക്കും പുറമേയുള്ള മറ്റ് അഡ്മിൻമാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും അന്വേഷിക്കുന്നു. ഗ്രൂപ്പിൽ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും സമാന രീതിയിൽ പോൺ വീഡിയോസ് പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്തും പുറത്തുമുള്ള നിരവധിപേർ ഈ ഗ്രൂപ്പിൽ അംഗങ്ങളായുണ്ട്. സമൂഹത്തിൽ മാന്യരായ പലരും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു വെബ്‌സൈറ്റിൽ നിന്നാണ് സമാനസ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യുന്നത്. ഈ ഗ്രൂപ്പിലെ അംഗങ്ങളിൽ പലരും നേരിട്ട് പരിചയമുള്ളവരോ കണ്ടിട്ടുള്ളവരോ അല്ല.
കൊച്ചി സൈബർ ഡോമിന്റെയും കൊച്ചി സിറ്റി സൈബർ സെല്ലിന്റെയും സഹായത്തോടെ ഊർജിത അന്വേഷണം തുടങ്ങി. സെൻട്രൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻകുമാർ, തോമസ് കെ. എക്‌സ്, എബി, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.