കിളിമാനൂർ: ഗീതയ്ക്കും മക്കൾക്കും അടച്ചുറപ്പുള്ള വീടൊരുങ്ങുന്നു. കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് പതിനാലാം വാർഡിൽ ഗീതയും രണ്ട് മക്കളും ഈ കഴിഞ്ഞ പ്രളയത്തിലും പേമാരിയിലും കഴിഞ്ഞിരുന്നത് ചോർന്നൊലിച്ച ടാർപോളിൻ വിരിച്ച കുടിലിലായിരുന്നു. ഇവരുടെ ഭർത്താവ് കാൻസർ ബാധിച്ച് എട്ടു മാസങ്ങൾക്ക് മുൻപ് മരിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് തന്നെ നല്ല തുക ചെലവായിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇവർക്ക് മൂന്ന് സെന്റ് ഭൂമിയാണുള്ളത്. ലൈഫ് ഭവന പദ്ധതിയിൽ വീട് ഉൾപ്പെടുത്തി കിട്ടുന്നതിന് വേണ്ടിയുള്ള നടപടികൾ ഒന്നും തന്നെ ഭർത്താവിന്റെ ചികിത്സ കാരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇത് മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എം.എൽ.എ മുൻകൈ എടുത്ത് പഞ്ചായത്ത് റസലൂഷൻ എടുത്ത് പേര് ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയും പട്ടികജാതി വികസന വകുപ്പിനും കളക്ടർക്കും അപേക്ഷ കൊടുത്തു. തുടർന്ന് പട്ടികജാതി വികസന ഓഫിസറുമായി ബന്ധപ്പെട്ട് പട്ടികജാതി ഡയറക്ടർ ഓഫീസിൽ നിന്നും ലൈഫ് മിഷൻ വഴി ഫണ്ട് അനുവദിപ്പിക്കുകയും ചെയ്തു. താമസിക്കാതെ അടച്ചുറപ്പുള്ള വീട് ഗീതയ്ക്ക് വയ്ക്കാൻ കഴിയും. ഇതിന്റെ ഉത്തരവ് ബി. സത്യൻ എം.എൽ.എ വീട്ടിൽ എത്തി ഗീതയ്ക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, വാർഡ് മെമ്പർമാരായ എസ്.എസ്. സിനി, ലിസി, സി.പി.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രകാശ്, വി.ഇ.ഒ ബിനു എന്നിവർ പങ്കെടുത്തു.