vara-

ചോമ്പാൽ ഗാന്ധി മുല്ലപ്പള്ളി വെറും കോൺഗ്രസ്സല്ല. അടിയുറച്ചതാണ് ആ കോൺഗ്രസ് മനസ്സ്. എന്നുവച്ചാൽ നാലുപാട് നിന്നും അടി ഉറപ്പായും കിട്ടുന്ന കോൺഗ്രസ്സുകാരന്റെ മനസ്സ് എന്നല്ല ഉദ്ദേശിച്ചത്. ഉദ്ദേശിച്ചത്, നല്ല പാമ്പൻപാലത്തിന്റെ ബലമുള്ള മനസ്സ് എന്നുതന്നെയാണ്. വിദേശ വസ്ത്ര ബഹിഷ്കരണം, നിസ്സഹകരണപ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം മുതലായ കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ധീരോദാത്തമായ സേവനമനുഷ്ഠിക്കാൻ കെല്പുള്ള മനസ്സുള്ളയാളായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ നിർഭാഗ്യം കൊണ്ട് മാത്രം ആ സേവനം അന്ന് ലഭ്യമായില്ല. അതുകൊണ്ട് നഷ്ടം സ്വാതന്ത്ര്യസമരത്തിന് തന്നെ.

'അമരത്ത് ഗാന്ധി നിന്നാൽ, അണിയത്ത് നെഹ്റു നിന്നാൽ, സുമധുരം സരോജിനി പാടിയും തന്നാൽ...' എന്ന പാട്ട് കേട്ട് കോൺഗ്രസ്സായ ഗാന്ധിയാണ് ചോമ്പാൽ ഗാന്ധി. അന്നേ ഏഴര വെളുപ്പിനെഴുന്നേറ്റ് രഘുപതി രാഘവ പാടി,​ പച്ചവെള്ളം തുളസിയിലയിട്ട് ചവച്ചരച്ച് കുടിച്ച്,​ ആട്ടിൻപാൽ സേവിച്ച്,​ ചർക്കയ്ക്ക് മുന്നിലിരിക്കുന്നതാണ് ശീലം. നൂൽ നൂറ്റ് കഴിയുമ്പോഴാണ് അന്നന്ന് വേണ്ട സൂക്തങ്ങൾ ഉരുവിട്ട് തുടങ്ങുന്നത്.

സൂക്തങ്ങൾക്കെല്ലാം ശുദ്ധ വെജിറ്റേറിയൻ ചുവയാണ്. രാജകുമാരിമാരെയും റാണിമാരെയും മറ്റും പണ്ട് ദൂരദർശന്റെ സീരിയലുകളിൽ കണ്ടിട്ടുള്ള ശീലം ചോമ്പാൽഗാന്ധിക്കുള്ളത് കൊണ്ട് സൂക്തങ്ങളിൽ ഇടയ്ക്കിടയ്ക്ക് രാജകുമാരി,​ റാണി എന്നെല്ലാം കടന്നുവരാറുണ്ട്. അതൊരു ലോകാപരാധമൊന്നുമല്ല. ഏത് മുല്ലപ്പള്ളിഗാന്ധിക്കും രാജകുമാരിമാരെയും റാണിമാരെയും വിലയിരുത്താനും നിരീക്ഷിക്കാനും ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം ഉറപ്പ് നൽകിയിട്ടുണ്ട്. ഭക്തകുചേല,​ പ്രഹ്ലാദ,​ ഭക്തഹനുമാൻ,​ നാരദൻ കേരളത്തിൽ എന്ന് തുടങ്ങി പേരായ സിനിമകൾ കാണുന്നതാണ് ചോമ്പാൽഗാന്ധിക്ക് ആകെയുള്ള നേരമ്പോക്ക്. ഗസ്റ്റ് ആർട്ടിസ്റ്റുമാരെ ഇങ്ങനെ സിനിമകളിൽ കണ്ട് മനസ്സിലാക്കിയിട്ടുണ്ട്.

അതുകൊണ്ടാണ് മുല്ലപ്പള്ളി ഗാന്ധി ചില നേരത്ത് ഉപവാസസമരങ്ങൾ ഉദ്ഘാടനം ചെയ്യുമ്പോൾ ഇമ്മാതി പേരുകൾ നാവിൻതുമ്പത്ത് വന്ന് കളിയാടിക്കൊണ്ടിരിക്കുന്നത്. ഗുളികൻ നാവിൻതുമ്പത്ത് മറഞ്ഞിരുന്ന് കഴിഞ്ഞാൽ പിന്നെ,​ എത്ര പച്ചവെള്ളം ചവച്ചരച്ച് കുടിച്ചാലും എത്രതന്നെ ആട്ടിൻപാൽ സേവിച്ചാലും എത്ര കണ്ട് രഘുപതി രാഘവ പാടിയാലും രക്ഷയുണ്ടാവില്ല എന്നത് പ്രപഞ്ചസത്യമാണ്. ഒന്നാമത്,​ കൊറോണവൈറസിന്റെ കാലമാണ്. എവിടെയിരിക്കണമെന്നറിയാതെ ഗുളികന്മാർ പിടച്ചിലിലാണ്. അപ്പോൾ ചോമ്പാൽഗാന്ധിയെങ്കിൽ ചോമ്പാൽ ഗാന്ധി എന്ന് ഗുളികൻ വിചാരിച്ചതിൽ തെറ്റ് പറയാനാവില്ല. സാമൂഹ്യ അകലം പാലിച്ചിരിക്കാനും ബെസ്റ്റ് നാക്കിൻതുമ്പത്ത് ഒളിച്ചിരിക്കലാണെന്ന് ശാസ്ത്രജ്ഞർ ഗുളികനെ ഉപദേശിച്ചിട്ടുമുണ്ടെന്നാണറിയുന്നത്.

എന്നാലും ചോമ്പാൽഗാന്ധിയെക്കൊണ്ട് ഗുളികൻ ഇത്രയൊക്കെയല്ലേ ചെയ്യിച്ചുള്ളൂ എന്നാശ്വസിക്കുക. ആരോഗ്യമന്ത്രി ശൈലജയെ കൊവിഡ് റാണി എന്നേ ചോമ്പാൽ മുല്ലപ്പള്ളി ഗാന്ധി വിളിച്ചിട്ടുള്ളൂ. കൊവിഡ് മഹാറാണി എന്ന് വിളിച്ചില്ലല്ലോ. നിപ്പ രാജകുമാരി എന്നതിന് പകരം നിപ്പ പ്രിൻസസ് എന്ന് നാക്കിൽ വന്നതായിരുന്നു. പക്ഷേ ചോമ്പാൽഗാന്ധി അതിനെ നിപ്പ രാജകുമാരി എന്ന് ശുദ്ധമലയാളത്തിൽ തന്നെ വിളിക്കാനാണ് ആഗ്രഹിച്ചത്. അത് ആ മനസ്സിന്റെ വലിപ്പമായി തീർച്ചയായും കാണണം.

ചോമ്പാൽഗാന്ധിയുടെ നാവിൽ വന്നിരുന്നത് ഗുളികൻ ആയത് കൊണ്ട് ഇങ്ങനെയെങ്കിലുമൊക്കെ അവസാനിച്ചു. കുംഭകർണന്റെ നാവിൻതുമ്പത്ത് സരസ്വതി വന്നിരുന്നത് പോലുള്ള അവസ്ഥയൊന്ന് സങ്കല്പിച്ച് നോക്കൂ. ബ്രഹ്മാവിനോട് ഇന്ദ്രാസനം ചോദിക്കാനിരുന്ന കുംഭകർണനെക്കൊണ്ട് സരസ്വതി ചോദിപ്പിച്ചത് നിദ്രാസനം. തീർന്നില്ലേ കഥ!

വിജയരാഘവൻ സഖാവ് കഴിഞ്ഞ ലോക‌സഭാ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് എം.പിയെ വൻഭൂരിപക്ഷത്തിൽ ജയിപ്പിച്ചുവിടാൻ സംഭാവന ചെയ്തത് പോലെ,​ ഒരു കൈ സഹായം ചോമ്പാൽഗാന്ധിയുടെ ഭാഗത്ത് നിന്ന് ശൈലജ ടീച്ചർക്കോ പിണറായി സഖാവിനോ കിട്ടിയാൽ അതും നന്നെന്ന് കരുതാവുന്നതാണ്.

അടിയുറച്ച കോൺഗ്രസായ ചോമ്പാൽ ഗാന്ധിയുടെ നാവിൻതുമ്പത്ത് ഒരിക്കൽ ഒരു ഗുളികൻ വന്നിരുന്ന് എന്തെങ്കിലുമൊക്കെ പറയിച്ചു എന്ന് കരുതി അതിനെ വലിയ അപരാധമായി ആരും എടുക്കരുത് എന്ന് ഇതിനാൽ താഴ്മയോടെ അഭ്യർത്ഥിക്കുകയാണ്.

..............................

- വൈറസ് വന്നങ്ങ് തലയിൽ കേറിയാൽ ഏത് മഹാസാധുവായാലും പഠിച്ചതെല്ലാമങ്ങ് മറന്ന് പോവുന്നത് സ്വാഭാവികം.

കൊറോണ വൈറസ് ആളൊരു നത്തോലിയല്ല എന്ന് മഹാസാധു പിണറായി സഖാവ് നല്ലപോലെ തിരിച്ചറിയുന്നു. മാർച്ച്മാസത്തിൽ കണ്ട രൂപത്തിലല്ല പഹയൻ വൈറസിപ്പോൾ. അവൻ മാനായും മാരീചനായും നരിയായും പുലിയായും കാണപ്പെടുന്നുവെന്നാണ് പിണറായി സഖാവിന്റെ തിരിച്ചറിവ്. നാരായണാ... എന്ന് വിളിക്കാൻ കമ്യൂണിസ്റ്റ് പദാവലിയല്ലാത്തത് കാരണം പിണറായി സഖാവിന് സാധിക്കാത്തത് കൊണ്ട് മാത്രം അത് വിളിക്കുന്നില്ലെന്നേയുള്ളൂ. പറ്റിയ കമ്യൂണിസ്റ്റ് പദാവലികളൊന്നും മനസ്സിൽ വരുന്നുമില്ല. വൈറസിനെ കണ്ടപ്പോൾ കവാത്ത് മറന്നതൊന്നുമല്ല. സാഹചര്യത്തിന്റെ സമ്മർദ്ദമാണ്.

പണ്ട് ഇറ്റലിയിൽ കുടുങ്ങിയ കുറച്ചാളുകളെ നാട്ടിലേക്ക് കൊണ്ടുവരാനൊരുങ്ങിയപ്പോൾ അവിടെ കൊവിഡ് പരിശോധന നടത്തിയാലേ വരാനൊക്കൂ എന്ന് ന.മോ.ജി- ഷാ ജി- വി.മുരളീധർജി സഖ്യം വാശിപിടിച്ചതാണ്. ആ വാശിക്ക് നിന്ന് കൊടുക്കാൻ പിണറായി സഖാവിനെ കിട്ടില്ല. അടിസ്ഥാനപരമായി ഇതു മനുഷ്യത്വവിരുദ്ധവും പ്രവാസികളായ ഇന്ത്യക്കാരെ നിഷ്‌കരുണം കൈവിടുന്നതിന് തുല്യവുമാണ് എന്ന് പ്രമേയമെഴുതി നിയമസഭയിൽ വായിച്ച് പിണറായി സഖാവ് പാസ്സാക്കിയത് അതിനാലാണ്. ന.മോ.ജി അന്ന് ചെയ്തത് തെറ്റാണ്. ഇന്ന് അതുതന്നെ പിണറായി സഖാവ് ചെയ്താൽ തെറ്റല്ല. ഓ.സി ഗാന്ധിക്കും ചെന്നിത്തല ഗാന്ധിക്കും മുല്ലപ്പള്ളി ഗാന്ധിക്കുമൊന്നും അത് മനസ്സിലാവാത്തത് അവരുടെ കുറ്റം. കൊവിഡ് പരിശോധന വേണമെന്ന് പിണറായി സഖാവ് പറഞ്ഞാൽ, പഴയ പ്രമേയം ഓർക്കണമെന്നൊക്കെ ഓ.സി ഗാന്ധി വാശി പിടിക്കുന്നതെന്തിനാണ്, ഹേ!

ഇ-മെയിൽ: dronar.keralakaumudi@gmail.com