തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കഴി‌ഞ്ഞ് ശംഖുംമുഖം തീരത്ത് സവാരിക്കിറങ്ങുന്നവർക്കായി വിസ്‌മയക്കാഴ്ച ഒരുങ്ങുന്നു. 35 വർഷത്തോളം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന മി 8 എന്ന റഷ്യൻ ഹെലികോപ്‌ടറാണ് വ്യോമസേനയിലെ സേവനം അവസാനിച്ചതോടെ ഇവിടെ പ്രദർശിപ്പിക്കുന്നത്. കാലപ്പഴക്കത്തിന്റെ ചെറിയ പരിക്കുകൾ പുറമേ ഉണ്ടെങ്കിലും വിമാനത്തിന്റെ തലയെടുപ്പിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. വെള്ളിയാഴ്ച ശംഖുംമുഖം ടെക്‌നിക്കൽ ഏരിയയിൽ നിന്ന് പുഷ്ബാക്ക് ‌ട്രാക്ടർ ഉപയോഗിച്ചാണ് ബീച്ചിന്റെ ഒരു ഭാഗത്ത് പ്രത്യേകം നിർമ്മിച്ച പ്ളാറ്റ്ഫോമിലേക്ക് ഹെലികോപ്ടർ ഉയർത്തി നിറുത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ സുപ്രധാനമായ പല സൈനിക ഓപ്പറേഷനുകളുടെയും ഭാഗമായ ഹെലികോപ്ടറുകളാണ് മി 8 വിഭാഗത്തിൽപ്പെടുന്നത്. രാജ്യത്ത് ഡീകമ്മിഷൻ ചെയ്യുന്ന വിമാനങ്ങളും ഹെലികോപ്ടറുകളും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രദർശനത്തിന് വയ്‌ക്കാറുണ്ട്. വിനോദ സഞ്ചാരമേഖല പൂർവ സ്ഥിതിയിലാകുന്നതോടെ തീരത്ത് ഇതൊരു കൗതുകക്കാഴ്ചയുമാകും. പഴക്കത്തിന്റെ ഭംഗിക്കുറവ് മാറ്റാനായി പെയിന്റിംഗ് ഉൾപ്പടെയുള്ള മിനുക്കുപണികളും നടക്കുന്നുണ്ട്.