തിരുവനന്തപുരം: കൊവിഡ് വ്യാപിച്ചതോടെ ശരീരത്തിനും മനസിനും സ്വാസ്ഥ്യം നേടാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉതകുന്ന യോഗക്രിയ പത്ത് ലക്ഷം ഓൺലൈൻ പരിശീലകരിലൂടെ പകരുകയാണ് ലോക യോഗാദിനമായ ഇന്ന് സദ്ഗുരുവിന്റെ ഇഷാ യോഗ ഫൗണ്ടേഷൻ.
ഇതിന്റെ തയ്യാറെടുപ്പായി നാലു ദിവസമായി പല ബാച്ചുകളിലായി ഒരു മണിക്കൂർ വീതം ഓൺലൈൻ പരിശീലനം നൽകി വരികയായിരുന്നു. പത്ത് ലക്ഷം പേരെ ഓൺലൈൻ പരിശീലകരാക്കും. 'യോഗ വീര' എന്നാണ് ഈ പരിശീലകർ അറിയപ്പെടുക. ഇവർ തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും യോഗക്രിയകൾ പകർന്നു നൽകും. മൂന്നു മിനുട്ടുള്ള വീഡിയോയിലൂടെ യോഗ പരിശീലിക്കാനുള്ള അവസരമാണ് 'യോഗ വീര'മാർ മറ്രുളളവർക്ക് നൽകുന്നത്. സദ്ഗുരു ആവിഷ്‌കരിച്ച സിംഹക്രിയ ഉൾപ്പെടെ ഇവർ പകർന്നു നൽകും.
യോഗ ശ്വസന ആരോഗ്യത്തിന്, ഉപയോഗ, യോഗനമസ്‌കാരം, മെഡിറ്രേഷൻ, യോഗ സമാധാനത്തിന്, യോഗ സ്നേഹത്തിന്, യോഗിക് ഭക്ഷണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.
''യോഗ ചെയ്യാൻ ഒരാൾക്ക് അവസരം നൽകുന്നതിലൂടെ നിങ്ങൾ മറ്റൊരാളുടെ ജീവിതത്തെ മാറ്രിമറിക്കാനുള്ള ഒരു ഉപകരണത്തെയാണ് നൽകുന്നത്. അയാളുടെ ജീവിതത്തെ സ്പർശിക്കലാണത്. ''- സദ്ഗുരു
കൊവിഡ് കാലത്ത് സിംഹക്രിയയും
കൊവിഡ് വ്യാപകമാവുകയും സാമൂഹ്യ അകലം പാലിക്കേണ്ടി വരികയും ചെയ്തപ്പോഴാണ് പ്രതിരോധ ശക്തി നേടാൻ അഞ്ചു മിനിട്ടുള്ള സിംഹക്രിയ എന്ന യോഗ പദ്ധതി സദ് ഗുരു ആവിഷ്കരിച്ചത്. ഇതിന്റെ പരിശീലനത്തിനായി പത്ത് മിനുട്ടുള്ള വീഡിയോയും ഇഷ ഫൗണ്ടേഷൻ പുറത്തിറക്കിയിരുന്നു. സാധാരണ യോഗ ക്രിയകൾ ചെയ്യാത്തവർക്കും ഇത് ചെയ്യാം. പ്രതിരോധ ശക്തിക്കോടൊപ്പം ശ്വസനശേഷിയെയും ഇത് വർദ്ധിപ്പിക്കുമെന്നു സദ്ഗുരു പറഞ്ഞു.
കൊവിഡ് ബാധിതരും രോഗമുണ്ടോ എന്നറിയാത്തവരുമായ ആളുകളോട് ഇടപെടുന്ന ആരോഗ്യപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും സിംഹക്രിയ പ്രാക്ടീസ് ചെയ്യാവുന്നതാണ്.
@ചെയ്യേണ്ടത് ഇങ്ങനെ-
സാധാരണ പദ്മാസനത്തിലിരുന്നു നാവ് പുറത്തേക്ക് നീട്ടി 21 തവണ ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുന്നതാണ് ആദ്യഘട്ടം. അത് കഴിഞ്ഞ ഉടൻ നാവ് മുകളിലേക്ക് വളച്ച് അകത്തേക്ക് പരമാധി ചുരുട്ടി വച്ച് 21 തവണ വീണ്ടും ശക്തിയായി ശ്വാസം എടുത്തു വിടണം. ഇത് രണ്ടും വയർ അനക്കാതെ ചെയ്യണം.
പിന്നീട് വായപൂട്ടി ശ്വാസമെടുത്ത് പുറത്തേക്ക് വിടാതെ ഒരു മിനിട്ട് ഇരിക്കുക. പിന്നീട് പതുക്കെ ശ്വാസം വിടുന്നതോടെ സിംഹക്രിയ അവസാനിക്കും. ആറ് വയസിനും 70 വയസിനും ഇടയിലുള്ളവർക്ക് ഈ ക്രിയ ചെയ്യാം. ആറിൽ താഴെയുള്ളവരും 70ന് മുകളിലുള്ളവരും പന്ത്രണ്ട് തവണ വീതം ശ്വാസം എടുത്തു വിട്ടാൽ മതി.
വീഡിയോ ലഭിക്കുന്ന ലിങ്ക്
https://youtu.be/lP1Y1bk1YgU