കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയയാൾ പിടിയിൽ. നാവായിക്കുളം വെട്ടിയറ കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിനുസമീപം ദേവരാഗം വീട്ടിൽ സതീഷ് (38) ആണ് പിടിയിലായത്. കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ പലതവണ കടയ്ക്കുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അതോടെ, ഇയാൾ കട തുറക്കാതെ കാറ്ററിംഗ് സർവീസ് വാനിൽ രക്ഷപ്പെടുകയായിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്. ഐ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിജാം. വി, ഗ്രേഡ് എസ്.ഐ സനിൽ, ഗ്രേഡ് എ.എസ്.ഐ സുനിൽ, എസ്.സി.പി.ഒ മനോജ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ്ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.