liquor

തിരുവനന്തപുരം: നിരവധി സിവിൽ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആറ്റിങ്ങൽ കൊട്ടിയോട് മേഖലയിൽ പ്രവർത്തിക്കുന്ന ക്ലബിന് ബാർ ലൈസൻസ് നൽകാൻ ശ്രമമെന്ന് നഗരസഭാ ജനപ്രതിനിധികളുടെ പരാതി.
'ദി ആറ്റിങ്ങൽ ക്ലബ് ' എന്ന സംഘടനയ്ക്ക് ബാർ ലൈസൻസ് തരപ്പെടുത്തിയെടുക്കാൻ ചില എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭാരവാഹികൾ ശ്രമം നടത്തുന്നതായാണ് ആരോപണം. 600ഓളം അംഗങ്ങളുള്ള ക്ളബിലെ ഒരു വിഭാഗം പേർ ഇതിനെതിരെ എക്സൈസ് കമ്മിഷണർക്ക് ഉൾപ്പെടെ പരാതി നൽകി. 1996ൽ സ്ഥാപിതമായ ക്ലബിൽ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത് കലാ കായിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ 2015ൽ അന്നത്തെ ഭാരവാഹികളുടെ നേതൃത്വത്തിൽ ക്ലബിൽ അനധികൃത മദ്യക്കച്ചവടം നടന്നതിനെത്തുടർന്നുണ്ടായ എക്സൈസ് റെയ്ഡിൽ ഭാരവാഹികളടക്കം ചിലരെ അറസ്റ്റുചെയ്‌തു.അന്ന് മദ്യപിച്ചിരുന്നവരെ തൊണ്ടി സഹിതമാണ് പിടികൂടിയത്. ഈ സംഭവത്തെ തുടർന്ന് പിന്നീട് മൂന്നു വർഷത്തോളം അത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളൊന്നും ഇവിടെ ഉണ്ടായില്ല.എന്നാൽ തുടർന്നുവന്ന ഭരണസമിതിയുടെ നേതൃത്വത്തിൽ വീണ്ടും അനധികൃത മദ്യവില്പനയും മദ്യപാനവും ആരംഭിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ക്ലബിൽ അംഗങ്ങളുടെ തമ്മിൽ തല്ലും തർക്കങ്ങളും സ്ഥിരമായതിനാൽ നിരവധി സിവിൽ, ക്രിമിനൽ, അബ്കാരി കേസുകൾ പലപ്പോഴായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ക്ളബിന്റെ ഭരണത്തർക്കത്തെ സംബന്ധിച്ച് ആറ്റിങ്ങൽ മുൻസിഫ് കോടതിയിൽ കേസും നിലവിലുണ്ട്. ഇതിനിടെയാണ് പരിസരവാസികളുടെയും ക്ലബിലെ ഒരുവിഭാഗം അംഗങ്ങളുടെയും എതിർപ്പുകൾ അവഗണിച്ച് മദ്യം വിളമ്പുന്നതിനുള്ള ലൈസൻസ് നേടിയെടുക്കാൻ ഭാരവാഹികൾ വീണ്ടും ശ്രമം ആരംഭിച്ചത്. ഇവിടെ ബാർ ലൈസൻസ് ലഭിച്ചാൽ ഈ മേഖലയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സംഘടനയ്ക്കെതിരെ പലവട്ടം ഉണ്ടായിട്ടുള്ള ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും നാട്ടുകാരും ക്ലബ് അംഗങ്ങളും ഇതിനെതിരെ പരാതി ഉന്നയിക്കുന്നത്. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ച സംഭവവും ഉണ്ടായിട്ടുണ്ട്.