a

തിരുവനന്തപുരം: ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും ഒത്തുവരുന്ന അപൂർവ ദിവസം. പിന്നണി ഗായികയും മലയാളി സംഗീത സംവിധായികയുമായ അനിത ഷെയ്ഖിന് സംഗീതവും യോഗയും കഴിഞ്ഞിട്ടേയുള്ളു മറ്റെന്തും. ഇപ്പോൾ ശ്രദ്ധേയയായ സൂഫി ഗായികകൂടിയാണ് അനിത. 'ശ്വാസവും ഊർജവും ചേരുമ്പോഴാണ് നാദം ഉണ്ടാകുന്നത്. അതിന് യോഗ ഗുണം ചെയ്യുമെന്നും രണ്ടും ശരീരവും ആത്മാവും പോലെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നെന്നും അനിത പറയുന്നു. ശുദ്ധ സംഗീതത്തോട് അടുക്കാനായാണ് യോഗ അഭ്യസിച്ച് തുടങ്ങിയത്. ഇപ്പോൾ അത് ജീവിതത്തിന്റെ ഭാഗമായി. 2006ൽ ഒരു ചാനലിലെ റിയാലിറ്റി ഷോയിൽ നിന്നും ആദ്യ റൗണ്ടിൽ പുറത്തായ പെൺകുട്ടി പിന്നീട് വിജയം കൈവരിച്ചതിന് പിന്നിൽ പൊരാട്ടത്തിന്റെ കഥയുണ്ട്.

നാലുതലമുറ മുമ്പ് ഹൈദരാബാദിൽ നിന്നും തിരുവനന്തപുരത്തെത്തിയ പഠാൺ കുടുംബത്തിലെ അംഗമാണ് അനിത. സംഗീത അദ്ധ്യാപികയായിരുന്ന മാതാവ് സിറാജുനിസ ബീഗത്തിൽ നിന്ന് കർണാടക സംഗീതവും പഞ്ചാബിലെ പാട്യാലയിൽ നിന്നും ഹിന്ദുസ്ഥാനിയും പഠിച്ചു. അതിന് ശേഷമാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. ആദ്യ റൗണ്ടിൽ പുറത്തായ പെൺകുട്ടിയോട് വിധികർത്താവായ സംഗീത സംവിധായകൻ ചോദിച്ചു. 'ഇനി എന്തു ചെയ്യും?' അവളുടെ മറുപടി ''സംഗീതം എന്നിലുണ്ട്. ഔട്ടായാലും പാട്ടൊന്നും നിറുത്താൻ പോകുന്നില്ല.''അന്ന് പടിയിറങ്ങിയ അവൾ പിന്നീട് വിജയം കൈവരിക്കാനുള്ള കഠിനപ്രയത്നത്തിലായിരുന്നു. അടുത്ത വർഷം അവൾ പാടിയ റോക്ക് ൻ റോൾ എന്ന ചിത്രത്തിലെ 'ഓ മാമ്മ മാമ്മ ചന്തമാമ....എന്ന പാട്ട് തരംഗമാകുന്നത് അതേ വിധികർത്തക്കാൾ കേട്ടു...പിന്നീട്

ട്വന്റി-20, പരുന്ത്, മിന്നാമിന്നിക്കൂട്ടം, ടു ഹരിഹർനഗർ, ബോഡിഗാർഡ് തുടങ്ങിയ സിനിമകളിൽ പാടി. വിവിധ ഭാഷകളിലായി ഇരുന്നൂറോളം ഗാനങ്ങൾ പാടി.

ആദ്യ ഐ.പി.എല്ലിനു വേണ്ടി സംഗീത ആൽബം ഒരുക്കിക്കൊണ്ടാണ് സംഗീത സംവിധായികയാവുന്നത്. പിന്നീട് സൂഫി പഠിക്കാൻ മോഹം തോന്നി അങ്ങനെ 2013 ൽ വീടുവിട്ടു. ഉത്തരേന്ത്യയിലെ ദർഗകളിൽപോയി സൂഫി പഠിച്ചു. ഇതിനിടയിൽ ഭജൻസും ഗസലും സൂഫി സംഗീതവും ചേർത്ത് സത്‌രംഗി എന്നൊരു ആൽബം ഒരുക്കിയത് ശ്രദ്ധിക്കപ്പെട്ടു.

തിരികെ നാട്ടിൽ എത്തിയപ്പോൾ ലെനിൻ രാജേന്ദ്രൻ ക്രോസ് റോഡ് എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കാൻ ക്ഷണിച്ചു.

രണ്ടാമതായി ശരത്‌ചന്ദ്ര സംവിധാനം ചെയ്ത 'കബീറിന്റെ ദിനങ്ങൾക്കായി സംഗീത സംവിധാനം ചെയ്തു. ലോക്ക് ഡൗൺകാലത്തും സംഗീത അദ്ധ്യാപികയുടെ വേഷത്തിൽ വേട്ടമുക്കിലെ വീട്ടിലുണ്ട്. ഭർത്താവ് ആഷിഷ് സിനിമാ പ്രവർത്തകനാണ്.