car

വർക്കല: വർക്കല നഗരത്തിൽ പാർക്കിംഗ് ഏരിയ വേണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം. വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്ന ജനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യാൻ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാൽ റോഡിന്റെ പാർശ്വഭാഗങ്ങളിലും നടപ്പാതകളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

ഏറെ തിരക്കുള്ള സമയങ്ങളിൽ നഗരത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാനും കഴിയുന്നില്ല. തിരക്കിനിടയിൽ കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വർക്കലയിലെ ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും മതിയായ പാർക്കിംഗ് സൗകര്യങ്ങളില്ല. ഇതു നിമിത്തം പലരും റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്കും പലപ്പോഴും കാരണമാകാറുണ്ട്. ചില അവസരങ്ങളിൽ പൊലീസിന്റെ പരിശോധന സമയത്ത് പെറ്റി വാങ്ങി കൂട്ടിയവരും ഉൾപ്പെടും. മതിയായ പാർക്കിംഗ് സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ഇത്തരത്തിൽ പിഴ ഒടുക്കേണ്ടി വരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കി വരുന്നുണ്ട്. വർക്കലയിൽ മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിന് ആർ.ടി.ഒ, പൊലീസ്, റവന്യൂ, വ്യാപാരി സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേർത്ത് പ്രശ്നപരിഹാരം കാണണമെന്നാണ് പൊതു സമൂഹത്തിന്റെ ആവശ്യം.

പ്രമുഖ തീർത്ഥാടന - വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ സ്ഥലം കണ്ടെത്തി പാർക്കിംഗ് സംവിധാനം ഒരുക്കാൻ അധികൃതർ മുന്നോട്ടു വരേണ്ടതുണ്ട്.