school

കിളിമാനൂർ: കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് നാടിന് മുഴുവൻ അക്ഷരവെളിച്ചമേകിയ കിളിമാനൂർ ഗവ. ടൗൺ യു.പി.എസ് ശതാബ്ദി നിറവിലേക്ക്. 1923 ലാണ് ടൗണിനോട് ചേർന്ന് സ്വന്തം സ്ഥലത്ത് എൽ.പി സ്കൂൾ ആയി മാറിയത്. 1967 -ൽ യു.പി സ്കൂൾ ആയി ഉയർത്തപ്പെട്ട സ്കൂൾ അക്കാഡമിക് തലത്തിലും കലാ, ശാസ്ത്ര, പ്രവർത്തിപരിചയരംഗങ്ങളിലും മികവിന്റെ പാതയിലാണ്. മറ്റു സ്കൂളുകളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വ്യാപകമായിട്ടും ഓരോവർഷവും ടൗൺ യു.പി.എസിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. നിലവിൽ പ്രീ പ്രൈമറിയിൽ ഉൾപ്പെടെ 26 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികളുണ്ട്. പാഠ്യ - പാഠ്യേതര വിഷയങ്ങളിൽ ആധുനിക സങ്കേതങ്ങളിലൂടെ മികച്ച പരിശീലനം നൽകി സബ് ജില്ലയിലും പേരുറപ്പിച്ചു. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് കംമ്പ്യൂട്ടറിലൂടെ ഹിന്ദി ഭാഷാ പഠനം സാധ്യമാകുന്ന ഹിന്ദി ഭാഷാ ലാബ് സംസ്ഥാനത്ത് ആദ്യം ആരംഭിച്ചത് ഇവിടെയാണ്. രണ്ട് സ്കൂൾ ബസുകളും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മികവിന്റെ അംഗീകാരമായി ഒട്ടേറെ വികസന പദ്ധതികളാണ് സ്കൂളിൽ സർക്കാർ നടപ്പാക്കുന്നത്. ഒരു കോടി ചെലവിൽ 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്. നബാർഡിന്റെയും എം.എൽ.എ യുടെയും ഫണ്ട് ഉപയോഗിച്ച് 1.75 കോടി രൂപ ചെലവിട്ട് പതിനഞ്ച് ക്ലാസ് മുറികളുള്ള മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. അഞ്ഞൂറ് കുട്ടികളിൽ കൂടുതലുള്ള സ്കൂളുകൾക്ക് കെട്ടിടം നിർമിക്കുന്നതിന് കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.