lab-

തിരുവനന്തപുരം : രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) വികസിപ്പിച്ച ആന്റിബോഡി പരിശോധനാ കിറ്റിന് ഐ.സി.എം.ആർ അംഗീകാരം നൽകി. 20 മിനിട്ടിനുള്ളിൽ ഫലമറിയാൻ കഴിയുന്ന കിറ്റാണിത്. മാർച്ചിൽ കിറ്റ് വികസിപ്പിച്ച് ഐ.സി.എം.ആറിന് സമർപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് അനുമതിയായത്. ഇനി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചാൽ ഡൽഹിയിൽ സ്വകാര്യ കമ്പനിയുടെ പ്രൊഡക്‌ഷൻ യൂണിറ്റിൽ നിർമ്മാണം തുടങ്ങും. രക്തപരിശോധനയിലൂടെയാണ് ഫലം ലഭിക്കുന്നത്. പരമാവധി 380രൂപ നിരക്കിൽ കിറ്റ് വിപണിയിലെത്തും

ചെലവ് കുറവായതിനാൽ കൂടുതൽ പേരെ പരിശോധിക്കാമെന്നതാണ് മേന്മ.

ആർ.ജി.സി.ബിയുടെ കിറ്റുകൾ ലഭ്യമാകുന്നതോടെ സംസ്ഥാനത്ത് ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കും. ഇതോടെ സമൂഹവ്യാപന സാദ്ധ്യത കണ്ടെത്താനാകുമെന്നതാണ് നേട്ടം. വൈറസ് ബാധിച്ചുകഴിഞ്ഞാൽ ശരീരത്തിൽ അതിനെതിരെ ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയുടെ സാന്നിദ്ധ്യമാണ് ടെസ്റ്റിലൂടെ കണ്ടെത്തുന്നത്. വൈറസ് ബാധയുണ്ടായാൽ ഏഴ് ദിവസത്തിന് ശേഷം മാത്രമേ ഇത് അറിയാനാകൂവെന്നതാണ് ന്യൂനത. ഭൂരിഭാഗം പേരിലും ലക്ഷങ്ങൾ ഇല്ലാതെയാണ് ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ കിറ്റ് കൂടുതൽ സഹായകരമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. സംസ്ഥാനത്തിന്റെ ഏറെ നാളത്തെ അഭ്യർത്ഥന പ്രകാരം ഐ.സി.എം.ആർ രണ്ടാഴ്‌ച മുമ്പ് 14,000 ആന്റിബോഡി കിറ്റുകൾ സംസ്ഥാനത്ത് ലഭ്യമാക്കിയിരുന്നു. ഇത് ഉപയോഗിച്ചുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.