നെയ്യാറ്റിൻകര : ഇടതുപക്ഷം ഭരിക്കുന്ന നെയ്യാറ്റിൻകര നഗരസഭയിലെ സി.പി.എം കൗൺസിലർ രാജിവച്ചു. ഇളവനിക്കര വാർഡ് കൗൺസിലർ എസ്. സതികുമാറാണ് രാജി വച്ചത്. 44 അംഗ കൗൺസിലിൽ 22 പേരുണ്ടായിരുന്ന എൽ.ഡി.എഫിന് ഇതോടെ അംഗബലം 21 ആയി കുറഞ്ഞു. ആരോഗ്യവകുപ്പിൽ ക്ലാസ് ഫോർ ജീവനക്കാരനായി ജോലി ലഭിച്ചതിനാലാണ് രാജിവയ്ക്കുന്നതെന്ന് സതികുമാർ പറയുന്നു.
നിലവിലുള്ള ഭരണസമിതിക്കെതിരെ സി.പി.എം എൽ.സി മെമ്പറുടെ പരാതിയിന്മേൽ അന്വേണം നടത്താൻ സർക്കാർ തലത്തിൽ നീക്കം തുടങ്ങിയിരിക്കെ മറ്റൊരു സി.പി.എം മെമ്പറുടെ രാജി, ഭരണം നഷ്ടപ്പെടുത്തുമോയെന്ന ഭയപ്പാടിലാക്കിയിരിക്കുകയാണ് എൽ.ഡി.എഫ് നേതൃത്വത്തെ. ഇളവനിക്കര വാർഡിന് സമീപം പുന്നയ്ക്കാട് വാർഡിൽ നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് നിർമ്മിച്ചതിൽ അഴിമതി ആരോപിച്ച് പെരുമ്പഴുതൂർ സി.പി.എം എൽ.സി അംഗം കെ. ശശിധരൻ വിജിലൻസിന് നൽകിയ പരാതിയിന്മേലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
കോൺഗ്രസിന് 15 ഉം ഒരു മാണി ഗ്രൂപ്പ് അംഗവും ഒരു സ്വതന്ത്രനും ചേർന്ന് യു. ഡി. എഫ് അംഗബലം 17 ആണ്. ബി.ജെ.പിക്ക് 5 അംഗങ്ങൾ. ഇവർ യു.ഡി.എഫുമായി ചേർന്ന് ഭരണം പങ്കിടാനുള്ള അണിയറ നീക്കമാണ് ആരംഭിച്ചിട്ടുള്ളത്. യു.ഡി.എഫും ബി.ജെ.പിയുമായി ഉപാധികളോടെ ഭരണം പങ്കിടുകയാണെങ്കിൽ അവരുടെ അംഗബലം 22 ആകും. ഈ കൂട്ടുകെട്ടുണ്ടായാൽ ഭരിക്കാൻ വേണ്ട ഭൂരിപക്ഷത്തിന് എൽ.ഡി.എഫിന് ഒരാളുടെ കുറവുണ്ടാകും.