തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ദളിത് വിഭാഗത്തിൽ നിന്നൊരാൾ വൈസ്ചാൻസലറാവുന്നത് തടയാൻ കരുനീക്കങ്ങൾ സജീവം. മൂന്ന് പതിറ്റാണ്ടിലേറെ പരിചയവും വിശിഷ്‌ടമായ അക്കാഡമിക് യോഗ്യതകളുമുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ.സി.എ.ജയപ്രകാശ് കാലിക്കറ്റ് സർവകലാശാലാ വൈസ്ചാൻസലറാകുന്നത് തടയാനാണ് ഗൂഢനീക്കം.
ഒരു ഉന്നതവിദ്യാഭ്യാസ വിദഗ്ദ്ധൻ രാജ്ഭവനിൽ കയറിയിറങ്ങി ഈ നിയമനം തടയാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. മുൻ സഹപ്രവർത്തകനും രാഷ്ട്രീയ സഹയാത്രികനുമായ പ്രൊഫസർക്ക് കസേര ഉറപ്പിക്കുകയാണ് ലക്ഷ്യം. മുൻ വൈസ്ചാൻസലർകൂടിയായ ഉന്നതന്റെ സമ്മർദ്ദം കാരണം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഫയൽ മാറ്റിവച്ചിരിക്കുകയാണ്.
ഏഴുമാസമായി നാഥനില്ല
ഏഴുമാസമായി കാലിക്കറ്റ് സർവകലാശാലയ്ക്ക് വൈസ്ചാൻസലറില്ല. മലയാളം വി.സിക്കാണ് ചുമതല. ചീഫ് സെക്രട്ടറിയായിരുന്ന ടോംജോസ്, ആസൂത്രണബോർഡ് ഉപാദ്ധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ എന്നിവരുടെ എതിർപ്പ് മറികടന്നാണ് ഡോ.ജയപ്രകാശിനെ ഒന്നാമനാക്കി യു.ജി.സി പ്രതിനിധി ശുപാർശ നൽകിയത്.
ഇതാണ് അർഹത
# യു.ജി.സി പ്രതിനിധിയായ ജെ.എൻ.യു വി.സി പ്രൊഫ.എം.ജഗദീഷ്‌കുമാർ ഗവർണർക്ക് നൽകിയ പട്ടികയിൽ ഒന്നാം റാങ്ക്.
# 1989ൽ പതിമൂന്നാം റാങ്കോടെ അഗ്രികൾച്ചറൽ റിസർച്ച് സർവീസ് (എ.ആർ.എസ്) നേടി
# പ്രൊഫസർ പദവിയിൽ 13വർഷത്തെ സേവനം.
# ദേശീയ,അന്തർദേശീയ ജേർണലുകളിൽ നൂറിലേറെ പ്രബന്ധങ്ങൾ.
# കേരള, കണ്ണൂർ സർവകലാശാലകളിൽ റിസർച്ച് ഗൈഡ്. # 14 ഗവേഷണ പ്രബന്ധങ്ങൾക്ക് മേൽനോട്ടം.
# എം.എസ്‌സി മുതൽ പിഎച്ച്.ഡിക്കുവരെ ചോദ്യകർത്താവ്.
# യു.ജി.സിയുടെ റിസോഴ്സ് പേഴ്സൺ. # കേന്ദ്രസർവകലാശാലയിൽ രണ്ടുവട്ടം എക്സിക്യുട്ടീവ് കൗൺസിൽ അംഗം
# വിള സംരക്ഷണ വിഭാഗത്തിന്റെ മേധാവി
# റഷ്യൻ ഭാഷയിലടക്കം കൃഷി ഡോക്യുമെന്ററികൾ,
# മികച്ച ശാസ്ത്രജ്ഞനുള്ള സംസ്ഥാന അവാർഡ്, കർമ്മശ്രേഷ്‌ഠ പുരസ്കാരം, സി.എസ്.ഐ.ആർ റിസർച്ച് ഫെലോഷിപ്പ്, സ്വദേശി ഇന്നൊവേഷൻ അവാർഡ്
രണ്ട് ലിസ്റ്റുകൾ,
അഞ്ച് പേരുകൾ
യു.ജി.സി പ്രതിനിധിയും സർക്കാർ പ്രതിനിധികളും വ്യത്യസ്ത ലിസ്റ്റുകളാണ് ഗവർണർക്ക് നൽകിയത്.
യു.ജി.സി പട്ടിക:
1.ഡോ.സി.എ.ജയപ്രകാശ്,
2. ഡോ.എം.വി.നാരായണൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ സിംല സർവകലാശാലയിൽ)
സർക്കാർ നോമിനികളുടെ പട്ടിക:
1. ഡോ. കെ.എം.സീതി (എം.ജി യൂണി., പ്രായപരിധിയായ 60വയസ് കഴിഞ്ഞു).
2.ഡോ.സി.ടി.അരവിന്ദകുമാർ (എം.ജി.യൂണി.പി.വി.സി)
3. ഡോ.ജയരാജ് (കുസാറ്റ് )