തിരുവനന്തപുരം: വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും ഉൾപ്പെടെയുള്ള സംഘടനകളുമായി സഖ്യമുണ്ടാക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം മതനിരപേക്ഷ രാഷ്ട്രീയത്തിനോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ നേരിടാൻ യു.ഡി.എഫിന് കഴിയില്ലെന്ന തിരിച്ചറിവാണ് ലീഗിന്റെ തീരുമാനത്തിന് പിറകിൽ.
കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് നീക്കമെന്ന് സി.പി.എം ആരോപിച്ചു.
ഇസ്ലാമിക രാഷ്ട്രമെന്ന നിലപാട് പിന്തുടരുന്ന ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐ പോലുള്ള തീവ്രരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തെ മുസ്ലിം പ്രതിഷേധമാക്കി പരിമിതപ്പെടുത്താൻ ഇക്കൂട്ടർ നടത്തിയ ശ്രമം എൽ.ഡി.എഫ് സർക്കാരും ഇടതുപക്ഷവും ജാഗ്രത കാട്ടിയിതു കാരണം വിജയിച്ചില്ല.