വിതുര: വാസയോഗ്യമായ വീടും അടിസ്ഥാന സൗകര്യങ്ങളും വേണമെന്നുള്ള വിതുര പഞ്ചായത്തിലെ താവയ്ക്കൽ നിവാസികളുടെ ആവശ്യം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കാൻ പോകുന്നത്. നിർദ്ധനരും കൂലിപ്പണിക്കാരുമായ 29 കുടുംബങ്ങളാണ് താവയ്ക്കൽകോളനിയിൽ ഉള്ളത്. ഇൗറ്റയും, കാട്ടുകമ്പുളും കൊണ്ട് കെട്ടിയുണ്ടാക്കിയ ചോർന്നൊലിക്കുന്ന കുടിലുകളിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ഇവരുടെ ദുരിതകഥ കേരള കൗമുദിയിൽ വാർത്തയായതിനെ തുടർന്ന് 15 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് വീട് നിർമ്മിക്കുന്നതിനായി നാൽപ്പതിനായിരം രൂപ വീതം അനുവദിച്ചിരുന്നു. എന്നാൽ കെട്ടിടം നിർമ്മിക്കുന്നതിനായി ഇൗ തുക പര്യാപ്തമായിരുന്നില്ല. ഇതോടെ പണി പാതി വഴി നിലച്ചു. വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി പ്രദേശവാസികൾ അധികാരികളുടെ വാതിലിൽ മുട്ടിയെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഇതിനെ തുടർന്ന് നിരവധി സമരങ്ങൾ അരങ്ങേറി. പകുതി പൂർത്തിയായ വീടുകളിൽ നോക്കി തീരാനൊമ്പരത്തോടെ ചോർന്നൊലിക്കുന്ന കൂരകളിൽ പതിനഞ്ച് വർഷത്തോളം ഇവർ താമസിച്ചു. മാറിമാറി വരുന്ന സർക്കാരുകൾക്ക് മുൻപിൽ പ്രശ്നം അവതരിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. താവയ്ക്കൽ കോളനി നിവാസികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരള കൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡിവിഷൻ മെമ്പറും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.കെ. മധു കോളനിയിൽ സന്ദർശനം നടത്തുകയും, പ്രശ്നം പരിഹരിക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗം ചേരുകയും അടിയന്തരമായി ഫണ്ട് അനുവദിക്കുകയും ചെയ്തു.
അനുവദിച്ച തുക- 1കോടി 18 ലക്ഷം
നവീകരണത്തിന്- 68 ലക്ഷം
കമ്മ്യൂണിറ്റിഹാൾ നിർമ്മാണം- 25 ലക്ഷം
കോളനി റോഡ് നിർമ്മാണം- 25 ലക്ഷം
നവീകരിക്കുന്നത്- 29 വീടുകൾ
ഉദ്ഘാടനം നാളെ
താവയ്ക്കൽ മോഡൽ കോളനിയിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിക്കും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വിതുര വാർഡ് മെമ്പർ ജി.ഡി. ഷിബുരാജ്, വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി എന്നിവരും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.